കൊച്ചി: എറണാകുളത്ത് സ്വകാര്യ ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കേസിൽ അറസ്റ്റിലായ യുവാവിന് പെൺകുട്ടിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്.ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് കൊച്ചിയിൽ വരാൻ യുവാവ് ആവശ്യപ്പെടുകയും ചെയ്തു. യുവതി ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ (25) ആണ് കേസിൽ അറസ്റ്റിലായത്. പ്രതിക്കെതിരെ ഐ.പി.സി 304 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായതെന്നാണ് ഗോകുൽ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാവുകയുളളു.
വലിയ അളവിൽ ശരീരത്തു നിന്നും രക്തം വാർന്നു പോയതാണ് യുവതിയുടെ മരണത്തിന് കാരണമായത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കുവാൻ സാധിക്കുമായിരുന്നു. ഒരു മണിക്കൂറിലേറെ വൈകിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു വീടുകളിലും അറിയാതെ വന്നതിനാലായിരിക്കാം ആശുപത്രിയിൽ പോകുന്ന കാര്യത്തിൽ മടിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ആശുപത്രിയിൽ കൊണ്ടു പോകുന്നതിൽ മനപ്പൂർവമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമായത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അതേസമയം പ്രതി ഗോഗുൽ നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഞാറയ്ക്കൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചു. നാലു മാസം മാത്രം ബന്ധം തുടരുകയും പിന്നീട് പ്രതി പെൺകുട്ടിയുമായി വഴക്കുണ്ടാക്കി പിരിയുകയുമായിരുന്നു.