തടി കുറയ്ക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഡയറ്റ് നോക്കുക, കാര്യമായി വർക്ക് ഔട്ട് ചെയ്യുക, നന്നായി ഉറങ്ങുക, തുടങ്ങുക നിരവധി 'കടമ്പകൾ' കടന്നുകൊണ്ടു മാത്രമേ 'സ്ലിം ബ്യൂട്ടി' ആയി മാറുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുകയുള്ളൂ.
എന്നാൽ ശരീര ഭാരം കുറയ്ക്കുന്ന കാര്യത്തിൽ അതിനായി ശ്രമിക്കുന്ന എല്ലാവരെയും കടത്തി വെട്ടിയിരിക്കുകയാണ് അവതാരകയും നടിയുമായ ജിസ്മ ജിജി. 2014ൽ നിന്നും 2019ലേക്ക് എത്തിയപ്പോൾ തന്റെ ശരീരഭാരതി നിന്നും 26 കിലോയാണ് ജിസ്മ കുറച്ചത്.
എന്നാൽ ജിസ്മ തന്റെ ട്രാൻസ്ഫോർമേഷന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചപ്പോഴാണ് ഫോളോവേഴ്സ് ശരിക്കും ഞെട്ടിയത്. പഴയ ഫോട്ടോകൾ കണ്ട് 'ഇത് ജിസ്മ തന്നെയാണോ?' എന്നാണ് ആരാധകർ ചോദിക്കുന്നത്.
ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഡയറ്റിങ്ങിലൂടെയുമാണ് ജിസ്മ ഇന്നത്തെ ലുക്കിലേക്ക് എത്തിച്ചേർന്നത്. ഫിറ്റ്നസിനു ഏറെ പ്രാധാന്യം നൽകുന്ന ഈ പെൺകുട്ടി തന്റെ ഡയറ്റിങ്ങ് ടെക്നിക്കുകളും ഇൻസ്റ്റാഗ്രാം വഴി ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
ശരീരഭാരം മൂലം നേരിട്ട പരിഹാസങ്ങളാണ് ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് പ്രചോദനമായതെന്നും ജിസ്മ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. ഇതിനോടകം നിരവധി പ്ലാറ്റ്‌ഫോമുകളിൽ അവതാരകയായും മോഡലായും തിളങ്ങിയ ജിസ്മ നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ, 'തമി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ഈ മിടുക്കി പെൺകുട്ടി. ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നും ബിരുദം കരസ്ഥമാക്കി നടി ആർക്കിടെക്ചർ മേഖലയിലും തന്റെ കഴിവ് തെളിയിച്ചയാളാണ്.