
കൊച്ചി; എറണാകുളത്തെ ഹോട്ടലിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പെൺകുട്ടിയുമായി സംഭവത്തിൽ അറസ്റ്റിലായ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിന് ഒരു മാസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പുതിയ വിവരം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പരസ്പരം തങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രണയബദ്ധരാകുകയും ചെയ്തിരുന്നു.
ഒടുവിൽ പെൺകുട്ടിയെ എറണാകുളത്തെ ഹോട്ടൽ മുറിയിലേക്ക് 25കാരനായ ഗോകുൽ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് വീട്ടിൽ കള്ളം പറഞ്ഞുകൊണ്ടാണ് പെൺകുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ശേഷം ഇരുവരും ഹോട്ടലിൽ മുറിയെടുത്തതും. ശേഷം ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്നും വൻ തോതിൽ രക്തം വാർന്നു പോകുകയുംചെയ്തു.
അപകടനിലയിലായ പെൺകുട്ടിയെ സമയത്ത് ആശുപത്രിയിലേക്ക് എത്തിക്കാത്തതിനാലാണ് അവൾ മരണപ്പെട്ടതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇരുവരും തങ്ങളുടെ വീടുകളിൽ പറയാതെയാണ് ഹോട്ടലിൽ മുറിയടുത്തതെന്ന കാരണം കൊണ്ടാണ് പെൺകുട്ടിയെ ആശുപതിയിലെത്തിക്കാൻ ഗോകുൽ മടിച്ചതെന്നും പൊലീസിന് അനുമാനമുണ്ട്.
താനും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഗോകുൽ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാനാകൂ. പെൺകുട്ടിയുടെ മേൽ ഗോകുൽ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
അതേസമയം, ഗോകുൽ മുൻപ് ഒരു പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഞാറയ്ക്കല്‍ സ്റ്റേഷനില്‍ ആണ് പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസുള്ളത്. ഈ പെൺകുട്ടിയെ ഇയാൾ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ആ ബന്ധം വേർപെടുത്തി. മനപ്പൂര്‍വമുള്ള നരഹത്യയ്ക്കാണ് ഗോകുലിനെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത് . പ്രതിയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്യും.