തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍വിളിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്ന് കേരള പൊലീസ്. വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്നും പൊലീസ് വ്യക്തമാക്കി. മഹാമാരികൾ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ല എന്ന് സുപ്രീംകോടതി കെ.എസ്. പുട്ടസ്വാമി കേസിലുൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.
കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം സർക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികൾ എടുക്കാൻ അധികാരമുണ്ട്. അസാധാരണമായ സാഹചര്യത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അനിവാര്യമായ ചില നിയന്ത്രണങ്ങൾ ആവശ്യമായിവരും. ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല. ഇന്ത്യ ഗവണ്‍മെൻറ് ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. കേരളം പൊലീസ്സ് വ്യക്തമാക്കി.
ടെലിഫോണ്‍ കോളുകളുടെ ഉള്ളടക്കം ഇതിന്റെ ഭാഗമായി ശേഖരിക്കുന്നില്ലെന്നും ഇന്ത്യാ ഗവണ്മെന്റിന്റെ ഉത്തരവുകളെയും നിർദേശിച്ച മാനദണ്ഡങ്ങളും പൂർണമായും പാലിച്ചുമാണ് പോലീസ് വകുപ്പും സ്റ്റാർട്ട്അപ്പുകൾ വികസിപ്പിച്ചെടുത്ത ആപ്പും ഉപയോഗിച്ച് ക്വാറന്റൈൻ ട്രാക്കിംഗ് നടത്തുന്നതെന്നും കേരള പൊലീസ് പറയുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ ആവശ്യത്തിന് മാത്രമേ ഈ വിവരങ്ങൾ വിനിയോഗം ചെയ്യുന്നുള്ളൂ എന്നു പൊലീസ് വ്യക്തമാക്കി.