ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിച്ച് ട്വിറ്റർ. ദേശീയ യുദ്ധസ്മാരകത്തിന്റെ മാതൃകയിൽ പ്രത്യേകം രൂപകൽപന ചെയ്ത ഇമോജി ട്വിറ്റർ അവതരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് ഇന്ത്യൻ സായുധ സേനകൾക്ക് ട്വിറ്റർ ആദരം അർപ്പിച്ചത്. ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിന് സമീപമാണ് ദേശീയ യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത്.സൈനികരുടെ ജീവന് ആദരമർപ്പിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteTheSolidier എന്ന സംരംഭത്തിനും ട്വിറ്റർ പിന്തുണ നൽകി. നാഷണൽ വാർ മെമ്മോറിയൽ എന്ന പേരിൽ യുദ്ധ ഓർമ്മകൾ പങ്കുവയ്ക്കുവാനായി ഒരു പുതിയ ട്വിറ്റർ അക്കൗണ്ടും പ്രതിരോധമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുളള യുദ്ധസ്മാരകത്തിന്റെ ഇമോജി ഓഗസ്റ്റ് 18 വരെ ലഭ്യമാവും. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ ഭാഷകളിൽ സ്വാതന്ത്ര്യദിനം എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്യുമ്പോൾ യുദ്ധസ്മാരകത്തിന്റെ ഇമോജി ലഭിക്കുന്നതാണ്. #IndiaIndependenceDay, #SaluteTheSoldier, #IDay2020, #NationalWarMemorial എന്നീ ഹാഷ്ടാഗുകൾക്കൊപ്പം ഈ ഇമോജി ലഭിക്കും.ഇത് ആറാം തവണയാണ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ട്വിറ്റർ പ്രത്യേക ഇമോജി അവതരിപ്പിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിൽ അശോക ചക്രം, ചെങ്കോട്ട, ഇന്ത്യൻ ദേശീയ പതാക പോലുള്ള ഇമോജി ട്വിറ്റർ അവതരിപ്പിച്ചിരുന്നു.