pm-modi

ന്യൂഡൽഹി: രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാഷ്ട്രത്തോട് സംസാരിക്കും. 45 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ പ്രധാനമന്ത്രിയുടെ പ്രസംഗം നീണ്ടേക്കും. കൊവിഡ് പ്രതിരോധത്തിൽ ഇതുവരെ സ്വീകരിച്ച നടപടി മോദി വിശദീകരിക്കും. കൊവിഡ് പോരാളികൾക്ക് ആദരവ് അറിയിക്കും. തുടർന്ന് സേനയുടെ ഗാർഡ് ഓഫ് ഓണർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് നടക്കുക.

ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും സ്‌കൂൾകുട്ടികൾക്ക് പകരം എൻ. സി. സി. കേഡറ്റുകളും ഉൾപ്പെടെ നാലായിരം പേർക്കാണ് ക്ഷണം. ഡോക്ടർമാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പെടുന്ന കൊവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ വിരുന്നിലും അതിഥികളുടെ എണ്ണം പത്തിലൊന്നായി കുറച്ചു. കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിന് പിന്നാലെ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് ഡൽഹിയിൽ ത്രിതല സുരക്ഷയാണ്. പ്രധാന റോഡുകളെല്ലാം ബാരിക്കേഡ് ഉയർത്തി അടച്ചു. പ്രധാനമന്ത്രി സംസാരിക്കുന്ന ചെങ്കോട്ടയിൽ പി.പി.ഇ കിറ്റുകൾ ധരിച്ച സേനാംഗങ്ങളെ വിന്യസിക്കും. പരിസരങ്ങളിൽ എൻ.എസ്.ജി സ്‌നൈപ്പർമാരും കമാൻഡോകളും ഉണ്ടാവും. മുന്നൂറിലധികം കാമറകളും ഉണ്ട്. മൊത്തം നാലായിരത്തോളം ഭടന്മാരെയാണ് വിന്യസിക്കുന്നത്.