കോഴിക്കോട്: പ്രശസ്‌ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു. 81 വയസായിരുന്നു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മരണം സംഭവിച്ചത്. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിൽ പ്രമുഖനായിരുന്നു പുനലൂർ രാജൻ. കേരളത്തിലെ സാമൂഹ്യ സാഹിത്യ സംസ്കാരിക രംഗത്തെ പ്രമുഖരുടെ അപൂർവ ചിത്രങ്ങൾ ഇദ്ദേഹമാണ് പകർത്തിയത്.
എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ പകർത്തിയത് രാജനാണ്. ബഷീർ: ഛായയും ഓർമ്മയും, 'എം.ടി.യുടെ കാലം' എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ശൂരനാട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടി. മാവേലിക്കര രവിവർമ സ്‌കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി. 1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടൻ ജീവിതത്തിന്റെ ഭാഗമായി. 1994-ൽ വിരമിച്ചു.
സ്‌കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി. തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവൻ നായർ, വി. അബ്ദുല്ല, എൻ.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂർത്തങ്ങൾ പകർത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ചെലവൂർ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു.