vandematharam-album

രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തിൽ രാജ്യസ്നേഹം ഉണർത്തുന്ന പുതിയ ആൽബം പുറത്തിറക്കി കലാ ലോകം. സിനിമാതാരങ്ങളും ഗായകരും മറ്റ് കലാകാരന്മാരും ഒരുമിച്ചെത്തുന്ന ആൽബത്തിന് വന്ദേമാതരം എന്നാണ് പേര് നൽകിയിരിക്കുന്നത്. നേരത്തെ വീഡിയോയുടെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിൽ നിന്ന് മോഹൻലാലും ഈ വീഡിയോയുടെ ഭാഗമാകുന്നുണ്ട്. ഇന്ന് രാവിലെ തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ വീഡിയോ പങ്കുവച്ചു.

മോഹൻലാലിനെ കൂടാതെ എസ്.പി ബാലസുബ്രഹ്മണ്യം, ഹരിഹരൻ, ശ്രേയാ ഘോഷാൽ, ഡോ.സുബ്രഹ്‌മണ്യം, കവിത കൃഷ്‌ണമൂർത്തി, ഹേമമാലിനി, ജൂഹി ചൗള, കുമാർ സാനു, സോനു നിഗം, ശ്രേയ ഘോഷാൽ, ബിന്ദു സുബ്ര‌ഹ്‌മണ്യം, നാരായണ സുബ്രഹ്‌മണ്യം, മഹതി സുബ്രഹ്മണ്യം, അംബി സുബ്രഹ്‌മണ്യം, റോണു മജൂംദാർ, ഡിബാഷിഷ് ഭട്ടാചാര്യ, തൻമയ് ബോസ്, സഞ്ജീവ് നായ്‌ക് തുടങ്ങിയവരാണ് വീഡിയോയിൽ ഗാനം ആലപിക്കുന്നത്.

യൂറോപ്യൻ ഓർക്കസ്‌ട്ര അക്കാദമിയാണ് ആൽബത്തിന് ഓർക്ക‌സ്ട്ര നിർവഹിച്ചിരിക്കുന്നത്. എല്ലാവരും പല സ്ഥലങ്ങളിൽ നിന്ന് ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്ത് ഒന്നാക്കിയിരിക്കുകയാണ്. താരങ്ങളുടെ ആലാപനത്തിനൊപ്പം ഭാരതത്തിന്റെ വൈവിദ്ധ്യവും വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. താടി നീട്ടിവളർത്തിയ ലുക്കിലാണ് വീഡിയോയിൽ ലാൽ പ്രത്യക്ഷപ്പെട്ടത്. ഇത് മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ലോക്ക് ഡൗണിന് ശേഷമുള്ള മോഹൻലാലിന്റെ ആദ്യ വീഡിയോയാണിത്. യൂട്യൂബിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ആദ്യ മണിക്കൂറിൽ തന്നെ ലഭിക്കുന്നത്.