national-digital-health-m

ന്യൂഡൽഹി: രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ ഇത് ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്രദമാകും എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്റെ ആത്യന്തിക ലക്ഷ്യം.

എന്താണ് ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി(എന്‍ ഡി എച്ച് എം)?

ആയുഷ്മാൻ ഭാരത് പോലുള്ള മറ്റൊരു പദ്ധതിയാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി. കഴിഞ്ഞ വർഷം ആദ്യമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനങ്ങൾക്ക് തങ്ങൾക്ക് താങ്ങാനാവുന്ന രീതിയിൽ കാര്യക്ഷമവും ഫലപ്രദമായും ആരോഗ്യ പരിരക്ഷ നൽകുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൂര്‍ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐ ഡി കാര്‍ഡ് ലഭിക്കും.

എല്ലാവർക്കും നിലവാരമുള്ള ആരോഗ്യസംരക്ഷണം നൽകുന്നതിന് ഓപ്പൺ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സാധിക്കും. കൂടാതെ നിലവിലുള്ള ആരോഗ്യ വിവര സംവിധാനങ്ങളെ സമന്വയിപ്പിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതവും സ്വകാര്യതയും ഉറപ്പുവരുത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ആരോഗ്യ ഐ ഡി?

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഓരോ പൗരനും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഉറപ്പുവരുത്തും. കാര്‍ഡുടമകളുടെ വിവരങ്ങള്‍ മുഴുവന്‍ ഡാറ്റാബേസായാണ് സര്‍ക്കാര്‍ സൂക്ഷിക്കുക. കാര്‍ഡുടമ രോഗനിര്‍ണയം നടത്തുകയോ പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്യുന്നപക്ഷം വിവരങ്ങള്‍ തത്സമയം ഡാറ്റാബേസില്‍ കുറിക്കപ്പെടും.

രോഗിയുടെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വഴി ഡോക്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും. ആരോഗ്യ സേവനത്തിന്റെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത, എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ ഐ ഡി പ്ലാറ്റ്ഫോം ആസൂത്രണം ചെയ്തിരിക്കുന്നത്. മൊബെെൽ ആപ്ലിക്കേഷൻ രൂപത്തിലായിരിക്കും ആരോഗ്യ ഐ ഡി. സ്വമേധയാ പദ്ധതിയിൽ പങ്കുചേരാം.

വ്യക്തികളുടെ ആരോഗ്യ ചരിത്രം, പരിശോധനാ ഫലങ്ങള്‍, രോഗനിര്‍ണയം, ചികിത്സാ വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ വിവരങ്ങള്‍ ലോകത്ത് എവിടെ നിന്നും അറിയാം.