covid-death

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീർ ആണ് മരിച്ചവരിൽ ഒരാൾ. 44 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്. പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു (60) ആണ് മരിച്ച മറ്റൊരാൾ. കോട്ടയം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 1569 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഒരു ദിവസം ഇത്രയും പേർക്ക് രോഗം ആദ്യമാണ്. ഇതിൽ1354 പേരും സമ്പർക്ക രോഗികളാണ്. 10 മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 140 ആയി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്ത തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്ന ലോക്ക്ഡൗൺ ഇന്നലെ രാത്രിയോടെ പിൻവലിച്ചു. എല്ലാ കടകൾക്കും രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം. എന്നാൽ നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം. ഹോട്ടലുകൾക്ക് രാത്രി 9 വരെയാണ് പ്രവർത്തനാനുമതി. എന്നാൽ പാഴ്സൽ മാത്രമേ അനുവദിക്കു. കഴിഞ്ഞ മാസം 6 മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിലേറെ നഗരം അടച്ചുപൂട്ടിയിട്ടും കൊവിഡ് വ്യാപനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല.