ഇന്ത്യ നിരോധിച്ച 52 ചെെെനീസ് ആപ്പുകളിൽ ഒരുപക്ഷെ ഏറ്റവും ജനസമ്മതിയുള്ള ആപ്പ് ആയിരിക്കും ടിക് ടോക്ക്. ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന്റെയും സമൂഹ മാദ്ധ്യമ ആപ്പ് ആയ ഹെലോയുടെയും ഉടമകളായ ബൈറ്റ്ഡൻസിന് നിരോധനം കനത്ത പ്രഹരമാണ് നൽകിയത്.
എന്നാൽ ഇപ്പോഴിതാ ടിക് ടോക്ക് മാതൃകയിൽ ഹ്രസ്വ വീഡിയോകൾ(ഷോട്ട് വീഡിയോകൾ) അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഫില്‍റ്ററുകളുടെയും ഇഫക്ടുകളുടെയും സഹായത്തോടെ മികച്ച ഹ്രസ്വ വീഡിയോകള്‍ ഉണ്ടാക്കാനും മറ്റുളളവരുമായി പങ്കുവയ്ക്കാനും കഴിയുന്ന വീഡിയോ ആപ്പായ ലാസ്സോ നേരത്ത ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നു. കൂടാതെ ഇൻസ്റ്റഗ്രാം മാതൃകയിലും വീഡിയോകൾ അവതരിപ്പിച്ചിരുന്നു. ലാസ്സോയുടെ പ്രവർത്തനം ഫേസ്ബുക്ക് ഒരു ഘട്ടത്തിൽ അവസാനിപ്പിച്ചിരുന്നു. ഈ ആപ്പ് ടിക്ക് ടോക്കിന്റെ എതിരാളി ആയിട്ടായിരുന്നു കണ്ടിരുന്നത്.
ഇപ്പോൾ ഇന്ത്യയിൽ ടിക് ടോക്കന്റെ മാതൃകയിൽ ഹ്രസ്വ വീഡിയോകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതിനായി ഷോട്ട് വീഡിയോ, ക്രിയേറ്റ് എന്നീ ഓപ്ഷനുകൾ കൂടി മുൻ ഭാഗത്ത് ഉൾപ്പെടുത്തിയേക്കും. ന്യൂസ് ഫീഡുകളിലാണിത്. ക്രിയേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഫേസ്ബുക്ക് ക്യാമറ വഴി ഉപയോക്താക്കൾക്ക് താഴേക്ക് നീക്കി വീഡിയോ ബ്രൌസ് ചെയ്തെടുക്കാനും സാധിക്കും.
ഹ്രസ്വ വീഡിയോകൾ ജനപ്രിയമാണെന്നും ഇതിനായി ഉപയോക്താക്കൾക്ക് പുതിയ വഴികൾ തേടുകയാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. സോഷ്യൽ മീഡിയ കൺസൾട്ടന്റായ മാറ്റ് നവറയാണ് ഈ സവിശേഷതയെ കുറിച്ച് പങ്കുവച്ചത്. ഇൻട്രസ്റ്റിംഗ് ആണെന്നും ഫേസ്ബുക്ക് അതിന്റെ പ്രധാന ആപ്ലിക്കേഷനിൽത്തന്നെ ടിക് ടോക്ക് പോലുള്ള ഹ്രസ്വ വീഡിയോകൾ പരീക്ഷിക്കുന്നതായും നവറ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ജൂൺ അവസാനത്തോടെ ടിക്ടോക്കിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഫേസ്ബുക്ക് പുതിയ പരീക്ഷണവുമായി എത്തിയത്. കഴിഞ്ഞമാസമാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ടിക്ടോക്ക് നിരോധനത്തിന് ശേഷം ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോക്തമാക്കളിൽ 25 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ടിക് ടോക്ക് നൽകുന്ന രീതിയിലുള്ള അനുഭവങ്ങൾക്കായി ട്വിറ്റർ പിന്തുണയുള്ള ഷെയർചാറ്റ്, ടെെംസ് ഇന്റർനെറ്റിന്റെ ഗാന, എം എക്സ് പ്ലയർ എന്നിവ സ്റ്റാൻറെലോൺ ആപ്പുകൾ സമാരംഭിച്ചിരുന്നു. ഈ പ്രാദേശിക അപ്ലിക്കേഷനുകൾ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ട്. ഹ്രസ്വ വീഡിയോകൾക്കായി യൂട്യൂബ് സമാനമായ സവിശേഷതകൾ പുറത്തിറക്കിയിരുന്നു. ഈ സവിശേഷത ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചര്‍ച്ചനടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, ടിക് ടോക്കോ, റിലയന്‍സോ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.