containment-zones-tvpm

തിരുവനന്തപുരം: പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ പെരുമല, തേമ്പാമൂട്, ആട്ടുകൽ, കുറ്റിമൂട് എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്‌ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ശിവപുരം, മുത്തന, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ തൊഴിക്കൽ, വഴുതൂർ,നാരായണപുരം, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുത്താലി, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ എക്സ് സർവീസ് മെൻ കോളനി, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ അലമുക്ക്, തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻമുഗൾ (കുന്ന് ബംഗ്ലാവ് കോളനി, സൗത്ത് ബംഗ്ലാവ് കോളനി എന്നിവ മാത്രം) എന്നീ വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.

കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യപിച്ച വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.

അതേസമയം തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ ഇന്നലെ രാത്രിയോടെ പിൻവലിച്ചിരുന്നു. എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങൾക്കും 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. അവശ്യസർവീസ് വിഭാഗത്തിൽപ്പെടുന്ന സർക്കാർ വകുപ്പുകൾക്ക് ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഓഫീസുകളിൽ ടോക്കൺ സംവിധാനം പ്രയോജനപ്പെടുത്തണം. മീറ്റിംഗുകൾ പരമാവധി ഓൺലൈനായി സംഘടിപ്പിക്കണം. എല്ലാ കടകൾക്കും രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴ് വെര പ്രവർത്തിക്കാം. റസ്റ്റോറന്റുകൾ, കഫേ മുതലായവ ടേക്ക് എവേ കൗണ്ടറുകൾ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു. ഇവയ്ക്ക് രാത്രി ഒമ്പതുവരെ പ്രവർത്തന അനുമതിയുണ്ട്. ഓൺലൈൻ ഭക്ഷണവിതരണവും രാത്രി ഒമ്പതുവരെ മാത്രമേ പാടുള്ളു.