തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച അമ്പത് എം.എൽ.എമാരുടെ പട്ടികയിൽ ഇടംനേടി വി.ടി ബൽറാം. ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റ് നടത്തിയ സര്‍വ്വേയിലൂടെയാണ് രാജ്യത്തെ മികച്ച എം.എൽ.എമാരെ കണ്ടെത്തിയത്. 50 വിഭാഗങ്ങളിലായാണ് എം.എല്‍.എമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ബാസിഗര്‍ വിഭാഗത്തിലാണ് തൃത്താല എം.എ.എയായ ബല്‍റാമിനെ തെരഞ്ഞെടുത്തത്.
മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സർവ്വേയിൽ കൂട്ടിയിട്ടില്ല. ജനപ്രീതി, പ്രതിബദ്ധത, സാമൂഹിക ഇടപെടല്‍, ജനങ്ങളിലുള്ള സ്വാധീനം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകള്‍, എം.എല്‍.എ ഫണ്ടിന്റെ ഉപയോഗം, നിയമസഭയിലെ സാന്നിധ്യം, തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എം.എല്‍.എമാരെ തിരഞ്ഞെടുത്തത്.
ഇന്ത്യയിലുടനീളം നടത്തിയ സര്‍വ്വേയിൽ നിന്ന് 3958 എം.എല്‍.എമാരില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. അന്തിമഘട്ടത്തിലേക്ക് 150 പേരെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ നിന്നും വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗങ്ങളിലേക്കും മികച്ച എം.എല്‍.എമാരെ തെരഞ്ഞെടുക്കുകയുമായിരുന്നു.
സമൂഹത്തിന് വേണ്ടി മികച്ചത് ചെയ്യുന്നവരെ മുന്നോട്ട് കൊണ്ടുവന്ന് പ്രോത്സാഹിപ്പിക്കുക എന്നതാണ് സർവേയിലൂടെ ഫെയിം ഇന്ത്യ-ഏഷ്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. നല്ലത് ചെയ്യുന്നവരെ ബഹുമാനിക്കുന്നതിലൂടെ, കൂടുതൽ മികച്ചത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും, ഉത്തരവാദിത്തബോധം വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് മാസിക വിശ്വസിക്കുന്നു. ഇതുകൂടാതെ, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധാരണക്കാരെ ഇതിലൂടെ പ്രചോദിപ്പിക്കുന്നു. അതത് സംസ്ഥാനങ്ങളിലെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധികളാണ് നിയമസഭാംഗങ്ങൾ. സാധാരണക്കാരുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. അതിനാൽത്തന്നെ ഇവരുടെ പ്രവൃത്തികൾ സാധരണക്കാരെയും സ്വാധീനിക്കും.