കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ഫറൂഖ് സ്വദേശി രാജലക്ഷ്മിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇവരുടെ ഉറവിടം വ്യക്തമല്ലെന്ന് കൊവിഡ് നോഡൽ ഓഫീസർ അറിയിച്ചു. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ നിന്നിരുന്നു. ഇവരുടെ ബന്ധുക്കൾ നിരീക്ഷണത്തിലാണ്. കൊവിഡ് ബാധിച്ച് ഇന്ന് കോഴിക്കോട് ജില്ലയിൽ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് രാജലക്ഷ്‌മി. വടകര സ്വദേശിയായ മോഹനനാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും അടക്കമുള്ള അസുഖങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലേക്കെത്തുമ്പോൾ തന്നെ നില വഷളായിരുന്നുവെന്ന് ഡോക്‌ടർമാർ അറിയിച്ചു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം ഇതോടെ നാലായി.
പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി മാത്യു (60), തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീർ(44) എന്നിവരാണ് ഇന്ന് രാവിലെ മരിച്ച രണ്ടു പേർ. രണ്ടാഴ്ചയായി മാത്യു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് രോഗങ്ങൾ കൂടിയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡയാലിസിസിന് മാത്യുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാവുകയായിരുന്നു. ഏതാനും ദിവസം അവിടെ തന്നെ ആയിരുന്നു ചികിത്സ. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി മാത്യുവിന് ഹൃദയസ്‌തംഭനം ഉണ്ടാവുകയും 8.45 ഓടെ മരണം സംഭവിക്കുകയുമായിരുന്നു.
ബഷീറിന് വൃക്കസംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിതയാണ്. കഴിഞ്ഞ പത്താം തിയതി വൃക്കരോഗത്തിന് ചികിത്സ തേടിയാണ് ബഷീറും ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. തിരിച്ചെത്തിയതിന് പിന്നാലെ ബഷീറിന് കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് ബഷീർ മരിച്ചത്.