കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ത്ഥന നേരുകയാണ് സംഗീത ലോകം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഇളയരാജ കണ്ണീരോടെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചു. തങ്ങളുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളില്‍ തുടങ്ങിയതാണെന്നും തമ്മിൽ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. നിശ്ചയമായും ബാലസുബ്രഹ്മണ്യം തിരിച്ച് വരുമെന്നും ഇളയരാജ വ്യക്തമാക്കുന്നു.
'ബാലൂ... വേഗം എഴുന്നേറ്റ് വാ. നിനക്കായി കാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയില്‍ അവസാനിക്കുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. നമ്മുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളില്‍ തുടങ്ങിയതാണ്. നമുക്കിടയില്‍ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. എന്റെ മനസ് പറയുന്നു. നീ നിശ്ചയമായും തിരിച്ച് വരും ബാലൂ വേഗം വാ' ഇളയരാജ വീഡിയോയില്‍ പറയുന്നു.
ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് പോസിറ്റീവായത്. ഒരാഴ്ചയായി ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. ഇന്നലെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി വഷളായതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.