1. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. തിരുവല്ല, വെഞ്ഞാറന്മൂട് സ്വദേശികള്‍ ആണ് മരിച്ചത്. തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വെള്ളിയാഴ്ച മരിച്ച വെഞ്ഞാറന്മൂട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 44കാരനായ ബഷീറിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
2.കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാര്‍ഗനിര്‍ദേശം അനുസരിച്ച് ഐസെലേഷനില്‍ തുടരും എന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രേട്ടേക്കോള്‍ പ്രകാരം താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ പ്രവേശിക്കണം എന്നും പരിശോധനയ്ക്കു വിധേയരാവണം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോഗ്യവിഭാഗം ഉടന്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. എല്ലാവരെയും ഉടന്‍ കാണാനാവും എന്ന പ്രതീക്ഷയില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊവിഡ് സ്ഥിതിയെ കുറിച്ച് എല്ലാ വൈകുന്നേരങ്ങളിലും വാര്‍ത്താ സമ്മേളനത്തിലൂടെ ഇദ്ദേഹം ആയിരുന്നു വിവരിച്ച് ഇരുന്നത്. കൊവിഡ് വ്യാപനം ഉള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന കേന്ദ്ര സംഘത്തിന്റെ ഭാഗമായിരുന്നു അഗര്‍വാള്‍.
3. അതിനിടെ, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ആകെ രോഗ ബാധിതര്‍ 25,26,192 ആയി. 24 മണിക്കൂറിനുള്ളില്‍ 65,002 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 49,036 ആയി. ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. എട്ടു ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികള്‍ ഉണ്ടായത്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12,608 പേര്‍ക്ക്. കര്‍ണാടകയില്‍ ഇന്നലെ 7,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5,890 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതര്‍. ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. പ്രതിദിന സാമ്പിള്‍ പരിശോധന എട്ടു ലക്ഷത്തിന് മുകളില്‍ ആണ് എന്നാണു ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നത്. അതേസമയം എഴുപതു ശതമാനത്തിനു മുകളില്‍ ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.
4. കാസര്‍കോട് ബളാല്‍ കൊലപാതക കേസില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണസംഘം ഇന്ന് യോഗം ചേരും. പ്രതി ആല്‍ബിന്റെ അച്ഛന്‍ ബെന്നി ഉള്‍പ്പെടെ കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തും എന്ന് പൊലീസ് പറഞ്ഞു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും മകന്‍ ആല്‍ബിന്‍ ആണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കള്‍ ബെന്നിയെ അറിയിച്ചത്. പ്രതി ആല്‍ബിന്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. ആല്‍ബിന്‍ കൊലപാതകം ആസൂത്രണം ചെയ്ത രീതിയും എലിവിഷത്തിന്റെ ട്യൂബുള്‍പ്പെടെ പ്രധാന തെളിവുകളും പൊലീസ് ഇതിനകം കണ്ടെത്തി.
5. എന്നാല്‍, കൊലപാതകത്തലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും, സാഹചര്യങ്ങളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടത് ഉണ്ടതെന്ന് പൊലീസ് പറഞ്ഞു. ആല്‍ബിന്റെ അച്ഛന്‍ ബെന്നിയുടെ മൊഴിയെടുക്കും. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് അവശ നിലയിലായ ബെന്നി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഡിസ്ചാര്‍ജാകും. നിലവില്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആരും സഹായിച്ചിട്ടില്ല എന്നും ഉള്ള നിഗമനത്തില്‍ ആണ് പൊലീസ്. വിശദമായ മൊഴി രേഖപ്പെടുത്തിയതിനാല്‍ ആല്‍ബിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യം ഇല്ലെന്നാണ് പൊലീസ് നിലപാട്. ആല്‍ബിന്റെ സുഹൃത്തുക്കളും കാമുകിയും അടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കും എന്നും പൊലീസ് അറിയിച്ചു.
6. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് എതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഇന്ത്യ മറികടക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന് വേണ്ടി പോരാടിയവരെയും ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും ആണ് ഊന്നല്‍ നല്‍കുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കും അതില്‍ നിര്‍ണായക സ്ഥാനമുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എല്ലാ റെക്കോര്‍ഡുകളും ഇന്ത്യ മറികടന്നു. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടയിലും രാജ്യം ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോയി. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കും.
7. രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. 7,000 പദ്ധതികള്‍ ഇതിന് കീഴില്‍ കണ്ടെത്തി. വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ സംയോജിക്കും. 2 കോടി വീടുകളില്‍ ഒരു വര്‍ഷത്തില്‍ കുടിവെള്ളം എത്തിച്ചു. സൈബര്‍ സുരക്ഷാ നയം നടപ്പാക്കും. 6 ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. 1,000 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ വഴി എല്ലാവര്‍ക്കും ആരോഗ്യ ഐ.ഡി കാര്‍ഡ് നല്കും. കൊവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കാന്‍ നടപടികള്‍ ആരംഭിച്ചു. മരുന്നുകളുടെ പരീക്ഷണം തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാണ്. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തും. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷമാകും തെരഞ്ഞെടുപ്പ് നടത്തുക. പ്രകൃതി സംരക്ഷണത്തിന് പദ്ധതി നടപ്പിലാക്കും. പ്രോജക്ട് ടൈഗര്‍ പോലെ പ്രോജക്ട് ലയണ്‍ എന്ന പേരില്‍ സിംഹ സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതോടൊപ്പം ഡോള്‍ഫിന്‍ സംരക്ഷണ പദ്ധതിയും നടപ്പാക്കും. പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം നിലവിലുള്ള 18 വയസ്സില്‍ നിന്നും ഉയര്‍ത്തും ഇക്കാര്യം പരിശോധനക്കായി പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും.