തൃശൂർ: മന്ത്രിയും ചീഫ് വിപ്പും ജില്ലയിലുണ്ടായിട്ടും തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ കളക്ടർ ദേശീയപതാക ഉയർത്തിയതിരെ രാഷ്ട്രപതിക്ക് പരാതി നൽകാൻ ഒരുങ്ങി കോൺഗ്രസ്. മന്ത്രി എ.സി മൊയ്‌തീൻ നീരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ പകരം മന്ത്രി ജില്ലയിൽ ഉണ്ടായിരുന്നിട്ടും കളക്‌ടറെ ചുമതലപ്പെടുത്തിയ നടപടിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
തൃശൂരിൽ നിന്നുള്ള എം.എൽ.എമാർ കൂടിയായ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥും ചീഫ് വിപ്പ് കെ.രാജനും സ്ഥലത്തുണ്ടായിട്ടും ജില്ലാ കളക്ടർ എസ്.ഷാനവാസാണ് പരേഡിന് പതാക ഉയർത്തിയത്. സ്ഥലത്തുണ്ടായിരുന്നിട്ടും മന്ത്രിയും ചീഫ് വിപ്പും സ്വാതന്ത്ര്യദിന പരിപാടിക്ക് എത്തിയതുമില്ല. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് കോൺഗ്രസ് ആരോപണം.
മന്ത്രിമാർ ഉണ്ടായിരിക്കെ തൃശൂരിൽ കളക്‌ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്ന് തൃശൂർ എം.പി ടി.എൻ പ്രതാപൻ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉദാഹരണമാണ് ഈ സംഭവമെന്നും ടി.എൻ പ്രതാപൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്യാബിനറ്റിലുള്ളവരെ പോലും മുഖ്യന് വിശ്വാസമില്ലാതായിരിക്കുകയാണ്. കളക്‌ടർ പതാക ഉയർത്തിയ പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടേയും ചീഫ് വിപ്പിന്റേയും നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും പ്രതാപൻ വ്യക്തമാക്കി.