karipur-flight

കൊച്ചി: കരിപ്പൂർ വിമാനത്താവളം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സാങ്കേതിക പിഴവുകൾ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതു താത്പ‌ര്യ ഹർജി കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്നത്. കരിപ്പൂർ വിമാന അപകടത്തിന്റെ പശ്‌ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്

വിമാനത്താവളത്തിലെ റൺവേ അടക്കമുള്ളവ ശാസ്ത്രീയമായി നിർമ്മിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹർജി അടുത്തയാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കും. നിലവിൽ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങുന്നത് നിഷേധിച്ചിരിക്കുകയാണ്.

മംഗലാപുരം വിമാനദുരന്തത്തിന് ശേഷം നിയമിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മംഗലാപുരം വിമാനത്താവളത്തിന്റെ ഭൂപ്രകൃതിയുള്ള കരിപ്പൂർ വിമാനത്താവളത്തിനും വലിയ വിമാനങ്ങളുടെ സർവീസ് നിഷേധിച്ചിരുന്നു. സിവിൽ ഏവിയേഷന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയശേഷം 2019ലാണ് വീണ്ടും വലിയ വിമാനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട് - ദുബായ് ബോയിംഗ് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പൈലറ്റുമാരടക്കം പതിനെട്ട് പേരാണ് മരണപ്പെട്ടത്.