covid-vaccine-russia

മോസ്കോ: റഷ്യയുടെ പുതിയ കൊവിഡ് 19 വാക്സിൻ ഉത്പാദനം ആരംഭിച്ചതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോസ്‌കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്ന് റഷ്യ അറിയിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.


കൊവിഡിനെതിരെ ഫലപ്രദമായ ആദ്യ വാക്സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിർ പുചിൻ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമായിട്ടുണ്ടെന്നും, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചതായും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റഷ്യയുടെ വാക്സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.