കോഴിക്കോട്: ഓണത്തിന് കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും മൈസൂരിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാണ് സർവീസുകൾ നടത്തുക. യാത്രകൾക്ക് 10 ശതമാനം അധിക നിരക്ക് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
ടിക്കറ്റ് ഓൺലൈനായിട്ടിരിക്കും വിതരണം നടത്തുക. യാത്രക്കാർ എല്ലാവരും കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്നും യാത്രക്കാർ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇടയ്‌ക്ക് സർവീസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.