yuvraj-singh

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് വിരമിക്കല്‍ പിന്‍വലിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.

യുവി വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ (പി സി എ) സെക്രട്ടറി പുനീത് ബാലി. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ പഞ്ചാബിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് യുവി ആലാചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

എന്നാൽ താരം ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച യുവരാജ്, പഞ്ചാബിന്റെ യുവതാരം ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ളവരുടെ വഴികാട്ടിയാണ്. ഈ സാഹചര്യത്തിലാണ് ടീമിനായി കളിക്കാനും ടീമിനു വഴികാട്ടാനും അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതെന്ന് പിസിഎ സെക്രട്ടറി പുനീത് ബാലി വ്യക്തമാക്കി.

‘പഞ്ചാബ് ടീമിന്റെ ഉത്തരവാദിത്തം ഏൽക്കാമോ എന്ന് ചോദിച്ച് ആറു ദിവസം മുൻപാണ് ഞങ്ങൾ യുവരാജ് സിംഗിന് സന്ദേശമയച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഒരേസമയം പഞ്ചാബ് ടീമിന്റെ കളിക്കാരനായും മെന്ററായും അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിച്ചാൽ അത് പഞ്ചാബ് ക്രിക്കറ്റിനെ സംബന്ധിച്ച് ശുഭ വാർത്തയായിരിക്കും’ – ബാലി പിടിഐയോട് പറഞ്ഞു.

പരിചയസമ്പന്നരായ ഒട്ടേറെ താരങ്ങൾ അടുത്തിടെ പഞ്ചാബ് ടീമിൽനിന്ന് കൂട്ടത്തോടെ വിരമിച്ച സാഹചര്യത്തിലാണ് യുവരാജിന്റെ സഹായം തേടുന്നതെന്ന് പുനീത് ബാലി വ്യക്തമാക്കി. അതേസമയം, വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവരുന്നത് മുപ്പത്തെട്ടുകാരനായ യുവിക്ക് അത്ര അനായാസമാകില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.