legislative-assembly

ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ആഗസ്റ്റ് 24 ന് ചേരുകയാണല്ലോ. ബഡ്‌ജറ്റ് പാസാക്കുക എന്നതാണ് പ്രധാന അജണ്ട. എന്നാൽ സ്‌പീക്കറെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ നോട്ടീസിന് അനുമതി നൽകണമെന്നും അതിനായി 14 ദിവസത്തെ സമയത്തിൽ ഇളവ് അനുദിക്കണമെന്നും പ്രതിപക്ഷനേതാവ് സ്‌പീക്കറോട് ആവശ്യപ്പെട്ടതായി പത്രങ്ങളിൽ വായിച്ചു. നിയമസഭ കൂടാൻ 15 ദിവസത്തെ സമയം വേണമെന്ന് നിയമസഭ ചട്ടത്തിലും നടപടിക്രമങ്ങളിലും പറയുന്നുവെന്നാണ് അതിന് ഉപോൽബലകമായി അദ്ദേഹം കൂട്ടിച്ചേർക്കുന്നത് . മന്ത്രിസഭാ തീരുമാന തീയതി മുതൽ നിയമസഭ ചേരുന്ന ആഗസ്റ്റ് 24 വരെ അപ്രകാരം 15 ദിവസം ഇല്ല. പ്രസ്തുത ചട്ടത്തിൽ ഇളവു നൽകാമെങ്കിൽ എന്തുകൊണ്ട് പ്രമേയം അവതരിപ്പിക്കാനുള്ള നോട്ടീസ് നൽകാനുള്ള 14 ദിവസത്തിനും ഇളവു നൽകിക്കൂട. സ്‌പീക്കറെ നീക്കാനുള്ള പ്രമേയം ഭരണഘടനയുടെ അനുഛേദം 179( സി) പ്രകാരമാണ് അവതരിപ്പിക്കേണ്ടത്. ഒരംഗത്തിനോ, ഒന്നിൽക്കൂടുതൽ അംഗങ്ങൾക്കോ പ്രമേയത്തിനുള്ള നോട്ടീസ് നൽകാം. അപ്രകാരം നോട്ടീസ് നിയമസഭാ സെക്രട്ടറിക്ക് കിട്ടിയാൽ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിക്കായി മറ്റൊരു പ്രമേയം സ്‌പീക്കർ നിശ്ചയിക്കുന്ന ദിവസത്തെ കാര്യവിവര പട്ടികയിൽ ചേർക്കുന്നു. അങ്ങനെ നിശ്ചയിക്കുന്ന ദിവസം പ്രമേയം സംബന്ധിച്ച നോട്ടീസ് നൽകിയ തീയതി മുതൽ 14 ദിവസം കഴിഞ്ഞുള്ള ഏതെങ്കിലും ദിവസമായിരിക്കണം. പതിനാലു ദിവസത്തിൽ കുറഞ്ഞ ദിവസം മുൻപുള്ള നോട്ടീസ് നൽകിയാൽ അത്തരം പ്രമേയം പരിഗണിക്കാവുന്നതല്ല. ഈ പതിന്നാലു ദിവസം നോട്ടീസ് സമയം ഭരണഘടന അനുഛേദം 179( സി) നിശ്ചയിച്ചതാണ്. അതിൽ ഇളവു വരുത്താൻ സ്‌പീക്കർക്ക് അധികാരമില്ല. എന്നാൽ, നിയമസഭ വിളിച്ചു കൂട്ടുന്നത് സമ്മേളന തീയതിക്ക് 15 ദിവസം മുമ്പേ അംഗങ്ങൾക്ക് സമൻസ് അയയ്‌ക്കേണ്ടതാണ് എന്ന നിയമസഭ ചട്ടം 3(2) പ്രകാരമാണ്. അതിൽ പറയുന്ന 15 ദിവസം ഏറ്റവും ദീർഘമായ സമയ പരിധിയാണ്. അതിൽ കുറഞ്ഞ ദിവസത്തിലും സഭ ചേരുന്നതിനും സമൻസ് അയയ്‌ക്കുന്നതിനും ചട്ടത്തിലെ പദപ്രയോഗം സൂചന നൽകുന്നു. അടിയന്തരമായി സഭ ചേരുമ്പോൾ സമൻസ് അയയ്‌ക്കേണ്ടതില്ല. പകരം അംഗങ്ങളെ കമ്പി സന്ദേശം മൂലമോ, ഇ - മെയിൽ മുഖേനയോ, ഫോൺ സന്ദേശത്തിലൂടെയോ അറിയിക്കാവുന്നതാണ്. അതിനാൽ നിയമസഭാ സമ്മേളനം വിളിക്കുന്നതിനുള്ള 15 ദിവസത്തെ സമൻസ് കാലാവധി കുറയ്‌ക്കുന്നതിന് ചട്ടം 3(2) അനുവാദം നൽകുന്നുണ്ട്. എന്നാൽ സ്‌പീക്കറെ നീക്കാനുള്ള നോട്ടീസിന് 14 ദിവസത്തെ കാലാവധി വേണമെന്ന് ഭരണഘടനയുടെ അനുഛേദം 179( സി) നിശ്ചയിച്ചതാണ്. അതിൽ ഇളവു നൽകാൻ സ്‌പീക്കർക്ക് അധികാരമില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല.

( മുൻ നിയമസഭ സെക്രട്ടറിയാണ് ലേഖകൻ)