ചെന്നൈയിലെ അമേരിക്കൻ എംബസി
കാലം - പത്തു വർഷങ്ങൾക്കു മുമ്പ്
അമേരിക്കയിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ പെർഫോമൻസ് വിസ എടുക്കാൻ ചെന്ന സിനിമ-ടിവി കലാകാരൻമാരടങ്ങുന്ന പത്തംഗസംഘത്തിന്റെ തലവനെ, അഭിമുഖത്തിനായി വിസ ഓഫീസർ പേര് വിളിച്ചു.
കൃഷ്ണൻ ശ്രീകുമാർ.
പാസ്പോർട്ടിൽ പേര് അങ്ങനെയാണെങ്കിലും മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന
പേര് ജഗതി ശ്രീകുമാർ . അടുപ്പമുള്ളവർ അമ്പിളിയെന്നും.
ആറടി പൊക്കമുള്ള ആ വിസ ഓഫീസർ ഒരു സഹൃദയനായിരുന്നു.
പെർഫോമൻസ് വിസയ്ക്കായതിനാൽ അപേക്ഷയിൽ ആക്ടർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വിസ ഓഫീസർ ജഗതിയോട്.
' അപ്പോൾ താങ്കൾ ഒരു നടനാണല്ലേ..'
മലയാള ദ്വിഭാഷി ഉണ്ടെങ്കിലും യേസ് എന്ന് ജഗതി മറുപടി നൽകി.
എത്ര ചിത്രങ്ങളിൽ അഭിനയിച്ചു?
മോർ ദാൻ തൗസന്റ് .
ആയിരത്തിലധികം? ഓഫീസർ ആശ്ചര്യത്തോടെ ചോദ്യം ആവർത്തിച്ചു.
അതേ എന്ന് ജഗതി.
അല്പസമയം വെയ്‌റ്റ് ചെയ്യൂ എന്നു പറഞ്ഞ് അദ്ദേഹം വിസ കൗണ്ടറിന്റെ കർട്ടൻ താഴ്‌ത്തി.
ദ്വിഭാഷിയോട് ചോദിച്ചതിനു പുറമെ, ഇന്റർനെറ്റിൽ വിശദാംശങ്ങൾ നോക്കി ജഗതി പറഞ്ഞത് ശരിയാണെന്ന് മനസിലാക്കിയ ഓഫീസർ തിരികെ വന്ന് കൗണ്ടർ തുറന്നു.
തലയിൽ വച്ചിരുന്ന തൊപ്പി ഊരി ശിരസ് കുനിച്ച് അദ്ദേഹം
ഗ്രേറ്റ് എന്ന് പറഞ്ഞ് അതുല്യനായ നടനോട് ആദരവ് പ്രകടിപ്പിച്ചു.
ബുദ്ധിമുട്ടാകില്ലെങ്കിൽ തനിക്കും സഹപ്രവർത്തകർക്കുമൊപ്പം ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാമോയെന്നും അഭിമുഖം കഴിഞ്ഞ് വിസ ഓഫീസർ ചോദിച്ചു. ജഗതി ഉടൻ സന്തോഷപൂർവം സമ്മതിച്ചു. ഒപ്പമുള്ള മറ്റ് കലാകാരൻമാർക്കെല്ലാം ജഗതിയുടെ കെയറോഫിൽ ബുദ്ധിമുട്ടില്ലാതെ വിസ ലഭിക്കുകയും ചെയ്തു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ ജഗതിയെ സായിപ്പ് ആദരിച്ചത് ആ കഴിവിൽ അത്ഭുതം പൂണ്ടായിരുന്നു.
വീണ്ടും അഭിനയം
അപകടത്തെത്തുടർന്ന് ജഗതി അഭിനയരംഗത്ത് നിന്ന് പിൻമാറിയിട്ട് എട്ടു വർഷമാകുന്നു. ഇപ്പോൾ രണ്ട് പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇനി ഒരെണ്ണത്തിൽ ഉടൻ അഭിനയിക്കാൻ പോകുന്നുവെന്ന സന്തോഷ വാർത്തയും കേട്ടു. സിനിമയിലിപ്പോൾ സജീവമല്ലെങ്കിലും ജഗതിയുടെ മുൻകാല സിനിമാ ഡയലോഗുകൾ കേട്ടും, അവയെക്കുറിച്ച് ചർച്ച ചെയ്യാതെയും മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.
അവസരോചിതമായി മനോധർമ്മം പ്രകടിപ്പിക്കുന്നതിൽ ജഗതിക്കുള്ള വൈഭവം അദ്ദേഹം അവതരിപ്പിച്ച പല കഥാപാത്രങ്ങളിലും കാണാം. പ്രേക്ഷകർ ഓർത്തോർത്ത് ചിരിക്കുന്ന യോദ്ധയിലെ പല സംഭാഷണങ്ങളും ജഗതി ഇംപ്രൊവൈസേഷൻ നടത്തിയതാണെന്ന് സംവിധായകൻ സംഗീത് ശിവൻ പറഞ്ഞു.
" നേപ്പാളിലെ അമ്മാവന്റെ വീട്ടിൽ, മോഹൻലാൽ അവതരിപ്പിക്കുന്ന തൈപ്പറമ്പിൽ അശോകനാണെന്ന് പറഞ്ഞ് കഴിയുകയാണ് ജഗതിയെന്ന അരശുംമൂട്ടിൽ അപ്പുക്കുട്ടൻ. നേപ്പാളിലെ വീട്ടിലെത്തിയ അശോകനെ അപ്പുക്കുട്ടൻ പുറത്താക്കി. തന്റെ സഹോദരിയുടെ ഛായയുണ്ട് അയാൾക്കെന്നും സത്യമറിയാൻ സഹോദരിക്ക് കത്തെഴുതണമെന്നും എം.എസ്. തൃപ്പൂണിത്തുറ അവതരിപ്പിച്ച അമ്മാവൻ കുട്ടിമാമ പറയുമ്പോൾ അപ്പുക്കുട്ടൻ ഞെട്ടുന്നു.
കുട്ടിമാമ - അത് പറഞ്ഞപ്പോ നീയെന്തിനാ ഞെട്ടിയത് ?
അപ്പുക്കുട്ടൻ: കുട്ടിമാമയ്ക്ക് എന്നെ വിശ്വാസമില്ലെന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടിമാമാ."
യഥാർത്ഥ തിരക്കഥയിൽ ഈ ഡയലോഗുണ്ടായിരുന്നില്ല. പക്ഷേ പറഞ്ഞു വന്നപ്പോൾ ജഗതി കൈയ്യിൽ നിന്നിട്ടു. ഈ ഫോറസ്റ്റ് മുഴുവൻ കാടാണെന്ന ഡയലോഗടക്കം പലതും ജഗതിയുടെ സംഭാവനയായിരുന്നു. ജഗതിക്കല്ലാതെ മറ്റാർക്കും അങ്ങനെ കൂട്ടിച്ചേർക്കാൻ ആവില്ല -സംഗീത് വ്യക്തമാക്കി.
കിലുക്കത്തിലെയും താളവട്ടത്തിലെയുമൊക്കെ പല ഡയലോഗുകളും ജഗതിയുടെ നിമിഷ സംഭാവനകളാണെന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. ജഗതി എന്ന നടന് അഭിരമിക്കാനുള്ള കഥാപാത്രങ്ങൾ ഏറെ ലഭിച്ചില്ലെന്നതാണ് സത്യം.. ഇടവപ്പാതി എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ മികച്ച വേഷമായിരുന്നു. അതിൽ അഭിനയിക്കാൻ പോകും വഴിയായിരുന്നു അപകടം. അപകടം മൂലം ജഗതിക്ക് പിൻമാറേണ്ടി വന്നത് സിനിമയുടെ വലിയ നഷ്ടമാണ്.
പെർഫക്ട് ആക്ടർ
പെർഫക്ട് ആക്ടറാണ് ജഗതി. അപാരമായ നിരീക്ഷണ പാടവമുള്ള നടൻ.
" വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാളും പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഃഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. " മകൻ രാജ്കുമാർ പറഞ്ഞു.
" സംസാരിക്കാൻ സാധിക്കില്ലെങ്കിലും ചില വാക്കുകൾ ഒക്കെ പറയാൻ ശ്രമിക്കാറുണ്ട്. നല്ല ആരോഗ്യവാനാണ്. കിലുക്കം, യോദ്ധ പോലെ സെലക്ടീവ് ആയ സിനിമകൾ കാണാൻ ഇഷ്ടമാണ്. ചില സീനുകൾ ഒക്കെ കാണുമ്പോൾ പൊട്ടിച്ചിരിക്കും. പപ്പ തന്നെ അഭിനയിച്ച കോമഡി കഥാപാത്രങ്ങൾ കണ്ട് പപ്പ തന്നെ ചിരിക്കുന്നത് അപൂർവമാണ്. -രാജ്കുമാർ വിശദമാക്കി.
കിലുക്കത്തിലെ നിശ്ചൽ പറയുന്നു." അയ്യോ? അറിഞ്ഞൂടാന്നുള്ളതിന്റെ ഹിന്ദി എന്തുവാണോ എന്തോ!
എന്റെ ദൈവമേ! എനിക്കൊന്നും അറിഞ്ഞൂടാന്ന് ഇൗ മറുതായോട് പറഞ്ഞ് കൊടുക്കെടാ.."---ജഗതി സിനിമകളിലെ സംഭാഷണങ്ങൾ മാത്രം പോരെ പൊട്ടിപ്പൊട്ടി ചിരിക്കാൻ.