covaccine

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്നും അതിനുള്ള സംവിധാനങ്ങൾ ഒരുക്കിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്..ഒന്നല്ല, രണ്ടല്ല, മൂന്ന് കൊവിഡ് വാക്‌സിനുകളാണ് ഇന്ത്യയിൽ പരീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു..

ഒരു വാക്‌സിൻ അംഗീകരിക്കപ്പെടുമ്പോൾ ഓരോ ഇന്ത്യക്കാരിലേക്കും അത് എത്തുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് വാക്‌സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഗവേഷകർ മുന്നോട്ടുപോകുമ്പോൾ ഉത്പാദനത്തിനുള്ള ഒരു പദ്ധതിയുമായി ഞങ്ങൾ തയ്യാറാണ്. വാക്‌സിൻ ഓരോ ഇന്ത്യക്കാരനും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ വിതരണം ചെയ്യാംഎന്നതിനായി ഞങ്ങൾ ഒരു റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്' മോദി പറഞ്ഞു.

ശാസ്ത്രജ്ഞർ ഗ്രീൻ സിഗ്‌നൽ നൽകിയാലുടൻ, രാജ്യം വലിയ തോതിലുള്ള ഉദ്പാദനം ആരംഭിക്കും. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭാരത് ബയോടെക് ഇന്റർനാഷണൽ, സിഡസ് കാഡില, സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉത്പാദനത്തിനായുള്ള പരീക്ഷണത്തിലേർപ്പെട്ടിട്ടുള്ളത്. ഭാരത് ബയോടെക് ഇന്റർനാഷണലിന് മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിന് ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്.