ന്യൂഡൽഹി: കൊവിഡ‌് ബാധിച്ച ചികിത്സയിലുള്ള മുൻ ഇന്ത്യൻ ഓപ്പണർ ചേതൻ ചൗഹാന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകൾ തകരാറിലായ ചേതൻ ചൗഹാനെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂലായ് അവസാനം കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ലക്നൗവിലെ സഞ്ജയ് ഗാന്ധി പി.ജി.ഐ ആശുപത്രിയിലാണ് ചേതൻ ചൗഹാനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് ചേതൻ ചൗഹാന്റെ നില വഷളായത്. വൃക്കൾക്കൊപ്പം ആന്തരികവയവങ്ങളഉടെ പ്രവർത്തനവും തകരാറിലായതായി ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന അംഗം അറിയിച്ചു. അദ്ദേഹം യുദ്ധം ജയിച്ചു തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു
പന്ത്രണ്ടു വർഷത്തെ ക്രിക്കറ്റ് കരിയറിൽ ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റുകളിൽ ചൗഹാൻ പാഡണിഞ്ഞു. 2084 റൺസും 16 അർദ്ധ സെഞ്ച്വറികളും രണ്ടു വിക്കറ്റും നേടിയിട്ടുണ്ട്. സുനിൽ ഗവാസ്കറുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 12 സെഞ്ച്വറി കൂട്ടുകെട്ടുകളും 3000ത്തിലധികം റൺസും നേടിയിട്ടുണ്ട്. രണ്ടും തവണ ഉത്തർപ്രദേശിലെ അമോറ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.