narendra-modi

ന്യൂഡൽഹി: ദേശീയ പാർട്ടിയായ ബി.ജെ.പിയുടെ അപ്രീതി ഭയന്ന് വിദ്വേഷപരമായ പോസ്റ്റുകൾ സംബന്ധിച്ചുള്ള തങ്ങളുടെ നയങ്ങളിൽ വെള്ളം ചേർത്ത് സോഷ്യൽ മീഡിയാ ഭീമനായ ഫേസ്ബുക്ക്. അമേരിക്കൻ പത്രമായ ' വാൾ സ്ട്രീറ്റ് ജേർണലാ'ണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. തെലങ്കാനയിലെ ബി.ജെ.പി ടി. രാജാ സിംഗിന് വേണ്ടിയാണ് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ, ഉന്നത പബ്ലിക് പോളിസി എക്സിക്യൂട്ടീവ് ആയ അംഖി ദാസ് തങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായത്.

വർഗീയ പരാമർശങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനായ രാജാ സിംഗിന് വിധേയമായി ഫേസ്ബുക്ക് പ്രവർത്തിക്കുന്നത് ബി.ജെ.പി നേതാക്കളുടെ അപ്രീതി ഭയന്നാണെന്നും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഫേസ്ബുക്കിന്റെ നയങ്ങൾക്ക് വിരുദ്ധമായി പെരുമാറുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം നടപടി സ്വീകരിച്ചാൽ അത് തങ്ങളുടെ ഇന്ത്യയിലെ കച്ചവട താത്പര്യങ്ങൾക്ക് ആഘാതമേല്പിക്കുമെന്നു തന്റെ കീഴിലുള്ള ഫേസ്ബുക്ക് ജീവനക്കാരെ അവർ ഉപദേശിച്ചതായും പത്രം വ്യക്തമാക്കുന്നുണ്ട്.

എന്നാൽ രാജാ സിംഗിന്റെ നിരവധി പോസ്റ്റുകള്‍ ഇന്ത്യ പോലുള്ള രാജ്യത്ത് വർഗീയ കലാപത്തിന് പോലും കാരണമായേക്കാമെന്ന് ഫേസ്ബുക്കിന്റെ അന്വേഷക സംഘം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും രാജാ സിംഗിനെ നിരോധിക്കാനും ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. എന്നാൽ നടപടിയെടുക്കുന്നത് പിന്നീട് നീണ്ടുപോകുകയും ബി.ജെ.പി എം.എൽ.എ ഫേസ്ബുക്കിലുള്ള സാന്നിദ്ധ്യം തുടരുകയും ചെയ്തു.

ഇത് സംബന്ധിച്ച് പത്രം കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ വിഭാഗങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടി കൂടിയായ ബി.ജെ.പി യോടുമുല്ല പക്ഷപാതിത്വപരമായ സമീപനത്തിന്റെ ഒരു വലിയ ചിത്രമാണ് ഇപ്പോഴത്തെ ഈ നീക്കത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഫേസ്ബുക്കിന്റെ ഇപ്പോഴത്തെയും മുൻപത്തേയും ജീവനക്കാരുടെ വാക്കുകൾ അടിസ്ഥാനമാക്കികൊണ്ട് പത്രം പറയുന്നു.

സിംഗിനെതിരെ മാത്രമല്ല, പല തവണയായി, വിവിധ വിഷയങ്ങളിൽ, മുസ്ലിം സമുദായത്തിൽപ്പെട്ടവർക്കെതിരെ സംഘ് പരിവാറും ഏതാനും ബി.ജെ.പി നേതാക്കളും നടത്തിയ വർഗീയപരമായ കുപ്രചരണങ്ങൾക്കെതിരെയും ഫേസ്ബുക്ക് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും വാൾ സ്ട്രീറ്റ് ജേർണൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പത്രത്തിന്റെ റിപ്പോർട്ടർമാർ തന്നെ പലതവണ ഇക്കാര്യം ഫേസ്ബുക്കിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ അവർ കാര്യമായ നടപടികളൊന്നും സ്വീകരിക്കാൻ തയ്യാറായില്ലെന്നും പത്രം പറയുന്നു.

2019 ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ സഹായകമാകുന്ന രീതിയിൽ ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലെ വിശ്വസനീയമല്ലാത്ത പേജുകൾ സംബന്ധിച്ച് നടപടികൾ കൈക്കൊള്ളുകയും അവയെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിൽ നിന്നും എടുത്തുകളയുകയും ചെയ്തപ്പോൾ ബി.ജെ.പിയുമായി ബന്ധപ്പെട്ട വ്യാജ പേജുകളിൽ(വ്യാജവാർത്തകൾ പുറത്തുവിടുന്ന പേജുകൾ) യാതൊരു നടപടിയും സ്വീകരിക്കാൻ ഫേസ്ബുക്ക് തയ്യാറായില്ലെന്നും പത്രം പറയുന്നു.