ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്ന് അതേപാത തന്നെ പിന്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും. തന്റെ ക്യാപ്റ്റനെ പോലെത്തന്നെ ഇൻസ്റ്റാഗ്രാം വഴിയാണ് സി.എസ്.കെ ഓൾറൗണ്ടറും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കുന്ന കാര്യം അറിയിച്ചത്.
'താങ്കളുടെ കൂടെ കളിക്കുക എന്നത് മനോഹമെന്നല്ലാതെ മറ്റൊന്നുമല്ലായിരുന്നു. ഹൃദയം നിറയെ അഭിമാനവുമായി ഞാൻ ഈ യാത്രയിൽ താങ്കളോടൊപ്പം ചേരാനാണ് ആഗ്രഹിക്കുന്നത്. നന്ദി ഇന്ത്യ! ജയ് ഹിന്ദ്!' റെയ്‌ന ധോണിയോടും മറ്റുള്ളവരോടുമൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സിലെ അംഗങ്ങളായ ഇരുവരും വരുന്ന ഐ.പി.എൽ 2020 മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി റെയ്നയും ധോണിയും, തങ്ങളുടെ ടീമിന്റെ യു.എ.ഇ യാത്രയ്ക്ക് മുന്നോടിയായി, ചെന്നൈയിലെ പരിശീലന ക്യാംപിൽ എത്തിയിട്ടുണ്ട്.
അൽപ്പസമയം മുൻപാണ് ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് വീഡിയോ സന്ദേശത്തിലൂടെ ധോണി വ്യക്തമാക്കി.