ms-

ന്യൂഡൽഹി : ജാർഖണ്ഡിനെ ലോകത്തിന് പരിചിതമാക്കിയ മഹേന്ദ്ര സിംഗ് ധോണിക്കായി വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. സംസ്ഥാനത്തിന്റെ എക്കാലത്തെയും സൂപ്പർതാരമായ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്വിറ്ററിൽ ഹേമന്ദ് സോറൻ ഇക്കാര്യം അറിയിച്ചത്.

“ബി.സി.സി.ഐയോട് ധോണിക്കായി വിടവാങ്ങൽ മത്സരം നടത്താൻ ആവശ്യപ്പെടും. ജാർഖണ്ഡ് ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന് ലോകം മുഴുവൻ സാക്ഷ്യം വഹിക്കും. സോറൻ ട്വീറ്റ് ചെയ്തു.

ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് ധോണി തമാസിക്കുന്നത്.ജാർഖണ്ഡിന്റെ പുത്രൻ വീണ്ടും കളിക്കുന്നത് കാണാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും സോറൻ പറഞ്ഞു.

“മഹി,​ ഈ രാജ്യത്തിനും ജാർഖണ്ഡിനും മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചു. ഇന്ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ജാർഖണ്ഡിന്റെ പ്രിയപുത്രനെ നീല ജഴ്‌സിയിൽ ഇനി കാണാനാവില്ല. ‍ഞങ്ങൾ നാട്ടുകാരുടെ മനസുകൾ ഇനിയും നിറഞ്ഞിട്ടില്ല. റാഞ്ചിയിൽ വിടവാങ്ങൽ മത്സരത്തിൽ മഹി കളിക്കണം". സോറൻ പറഞ്ഞു.