ലക്നൗ: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. തിരച്ചിലിനൊടുവിൽ മൃതദേഹം സമീപത്തെ കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. ഈ കരിമ്പിൻ തോട്ടം ഇപ്പോൾ പൊലീസ് പിടിയിലായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത്, നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പതിമൂന്നുകാരിയെ കൊലപ്പെടുത്തിയത്.
ഹാപ്പുരില്‍ കഴിഞ്ഞയാഴ്ച മറ്റൊരു പെൺകുട്ടിയും ബലാത്സംഗത്തിനിരയായിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി. ഇപ്പോഴത്തെ സർക്കാരും മുൻ സർക്കാരും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് അവർ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.