വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയസഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് ന്യൂയാേർക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തൊന്ന് വയസായിരുന്നു. കഴിഞ്ഞദിവസം ഡൊണാൾഡ് ട്രംപ് സഹോദരനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. സഹോദരനെന്നതിലുപരി തന്റെ നല്ല കൂട്ടുകാരനായിരുന്നു റോബർട്ടെന്ന് ട്രംപ് അനുസ്മരിച്ചു. അസുഖബാധിതനായതിനെത്തുടർന്ന് അടുത്തിടെയാണ് റോബർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായ അവസ്ഥയിലായിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സഹോദരന്റെ മരണത്തെത്തുടർന്ന് ഡൊണാൾഡ് ട്രംപിന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു എന്നാണ് റിപ്പോർട്ടുകൾ. സഹോദരന്റെ മൃതദേഹം കാണാൻ അദ്ദേഹം എത്തുമോ എന്ന് വ്യക്തമല്ല.