ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയൊഴികെ എല്ലാവര്‍ക്കും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
"ഇന്ത്യൻ പ്രധാനമന്ത്രി ഒഴികെ ബാക്കി എല്ലാവരും ഇന്ത്യൻ സെെന്യത്തിന്റെ കഴിവിലും വീര്യത്തിലും വിശ്വസിക്കുന്നു. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കൈയടക്കാന്‍ ചൈനയെ അനുവദിച്ചത്-രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജൂൺ 15ന് ലഡാക്കിലെ ഗാൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സെെനികർ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചും കോൺഗ്രസ് വിമർശനമുന്നയിച്ചിരുന്നു. അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടും ചൈനയുടെ പേര് പോലും പറയാന്‍ മോദിയ്ക്ക് പേടിയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
നമ്മുടെ സായുധ, അർദ്ധ സെെനിക പൊലീസ് സേനകളെ കുറിച്ച് എല്ലാവരും അഭിമാനിക്കുന്നു. 130 കോടി ഇന്ത്യക്കാരും എല്ലാ കോൺഗ്രസ് പ്രവർത്തകരുമടക്കം സെെനികരെ കുറിച്ച് അഭിമാനിക്കുന്നു. ചൈനയ്ക്ക് തിരിച്ചടി നൽകി രാജ്യത്തെ സംരക്ഷിക്കാൻ എന്താണ് ചെയ്യുന്നതെന്ന് എല്ലാ ഇന്ത്യക്കാരും സർക്കാരിനോട് ചോദിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയ ചൈനയുടെ പേരുപറയാൻ അധികാരത്തിലിരിക്കുന്നവർ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചെങ്കോട്ടയിൽവച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൈനയെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചിരുന്നു.
'രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തവർക്ക് ഇന്ത്യൻ സൈനികർ ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടാണെന്ന്' ചൈനയുടെ പേര് വെളിപ്പെടുത്താതെ മോദി പറഞ്ഞിരുന്നു.