തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുതരത്തിലുളള നിയമന നിരോധനവും ഇല്ലെന്ന് പി എസ് സി ചെയർമാൻ എം കെ സക്കീർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ജോലികളിൽ കരാർ നിയമനം നടത്തുന്നുവെന്ന പരാതി ശരിയല്ലെന്നും പറഞ്ഞു.
'കേരള പൊലീസിൽ റിപ്പോർട്ടുചെയ്ത മുഴുവൻ ഒഴിവുകളും നികത്തിയിട്ടുണ്ട്. പി എസ് സിക്ക് റിപ്പോർട്ടുചെയ്ത തസ്തികകളിൽ ഒരു തരത്തിലുളള കരാർ നിയമവും നടക്കില്ല. അത്തരത്തിലുളള ഒരറിയിപ്പും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാനുളള പ്രത്യേക സമിതിയുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്ന സർക്കാർ ഏജൻസിയാണ് പി എസ്. സി' -ചെയർമാൻ അറിയിച്ചു.
പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നിഷേധിക്കപ്പെടും എന്നതിനാൽ റാങ്ക് ലിസറ്റുകളുടെ കാലാവധി ഇനി നീട്ടാൻ സാധിക്കില്ലെന്നും അദ്ദേഹം അറയിച്ചു. നിയമന നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.