കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഈ രണ്ടു സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നേഹ സക്സേന. സിനിമ മേഖലയിൽ നിന്ന് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നിരവധി വാർത്തകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തിൽ താൻ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി.
'അമ്മയ്ക്ക് ആദ്യം സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം. ബംഗളൂരു ക്ളബ് മഹീന്ദ്ര ഹോളിഡേയ്സിൽ ജോലി ചെയ്യുമ്പോഴാണ് ഫാഷൻ ഷോകൾ ചെയ്ത് തുടങ്ങുന്നത്. സിനിമകൾക്കായി ഓഡിഷനും ചെയ്തു. അതിൽ കുറെ മോശം അനുഭവങ്ങളുണ്ടായി. ആ സമയത്ത് 'കാസ്റ്റിംഗ് കൗച്ച്" എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്ക് പോലും കേട്ടിട്ടില്ല. ഓഡിഷനുകൾക്ക് പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്, എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ- ഒാർഡിനേറ്റർമാരിൽനിന്നോ മോശമായ ഫോൺകാളുകൾ വരാൻ തുടങ്ങി. ''നേഹാ... നാളെ ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോ?" എന്നായിരിക്കും ചോദ്യം. എന്തിനാ ഷോർട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാൽ ''സിനിമയിൽ ഗ്ളാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടിട്ടല്ലേ."" എന്നായിരിക്കും മറുപടി. ''വെസ്റ്റേൺ കോസ്റ്റ്യൂംസ് സ്ക്രീനിൽ കാണാൻ ഭംഗിയാണ്. പക്ഷേ നേരിൽ കാണാൻ അങ്ങനെയല്ല."" ഞാനവരോട് പറഞ്ഞു. പലയിടത്ത് വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് പിന്നെയും അവർ വിളിച്ചെങ്കിലും ഞാൻ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായത്.'-നടി പറഞ്ഞു.