ന്യൂയോർക്ക്: ഇന്ത്യയോടുള്ള സ്‌നേഹത്തെക്കുറിച്ച് വാചാലയായി അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്. ഓഗസ്റ്റ് 15 ന് ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച 'സൗത്ത് ഏഷ്യൻസ് ഫോർ ബൈഡൻ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമല.പരിപാടിയിൽ തന്റെ അമ്മയെക്കുറിച്ചും, മുത്തച്ഛനൊപ്പമുള്ള ചെന്നൈയിലെ നീണ്ട നടത്തത്തെക്കുറിച്ചും, മഹാത്മാഗാന്ധിയെക്കുറിച്ചും, പ്രിയപ്പെട്ട ഇഡ്ഡലിയെക്കുറിച്ചുമൊക്കെയാണ് അവർ വചാലയായത്.
'ഇന്ത്യക്കാർക്കും, അമേരിക്കയിലുടനീളമുള്ള ഇന്ത്യൻ-അമേരിക്കൻ പൗരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ,നേരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യൻ ജനത സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ സന്തോഷിച്ചു.2020 ഓഗസ്റ്റ് 15ന്, ദക്ഷിണേഷ്യൻ വംശജയായ അമേരിക്കയുടെ വൈസ് പ്രസിഡന്റിന്റെ ആദ്യ സ്ഥാനാർത്ഥിയായി ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു'- കമല ഹാരിസ് പറഞ്ഞു.
'19 വയസുള്ളപ്പോൾ എന്റെ അമ്മ ശ്യാമള കാലിഫോർണിയയിൽ വിമാനമിറങ്ങി. അവരുടെ കയ്യിൽ സാധനങ്ങളൊന്നും അധികം എണ്ടായിരുന്നില്ല. എന്നാൽ അവർ കാരണവന്മാരിൽ നിന്ന് പഠിച്ചതൊക്കെ കൊണ്ടുവന്നിരുന്നു. ലോകത്തിൽ അനീതി കാണുമ്പോൾ പ്രതികരിക്കാൻ അവർ പഠിപ്പിച്ചു. എവിടെ നിന്നാണു വന്നതെന്നും വംശപരമ്പരയുണ്ടെന്നും ഞങ്ങൾ മനസിലാക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. നല്ല ഇഡ്‌ഡലിയോടുള്ള സ്നേഹം ഞങ്ങളിൽ വളർത്താനും അവർ ശ്രമിച്ചു.’– കമല പറഞ്ഞു.
മഹാത്മാ ഗാന്ധിയെക്കുറിച്ചു കമല ഹാരിസ് വാചാലയായി 'ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഉൾപ്പെടെയുള്ള നേതാക്കൾ മഹാത്മാ ഗാന്ധിയുടെ അഹിംസാത്മക പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു'- അവർ പറഞ്ഞു. ചെന്നൈ സന്ദർശന വേളയിൽ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ച് മുത്തച്ഛന്മാർ( പ്രത്യേകിച്ച് മുത്തച്ഛനായ പി വി ഗോപാലൻ) നിന്ന് തനിക്ക് ലഭിച്ച ഉപദേശത്തെക്കുറിച്ച് കമല ഹാരിസ് സംസാരിച്ചു. മദ്രാസിൽ താൻ മുത്തച്ഛനൊപ്പം നടക്കുമ്പോൾ അദ്ദേഹം പറയുന്ന ഇന്ത്യയുടെ വീരകഥകളെക്കുറിച്ചും കമല ഓർത്തെടുത്തു.