congress-mla

ബംഗളൂരു: ബംഗളൂരുവിൽ നടന്ന കലാപത്തിനിടെ തന്റെ വീട്ടിൽ നിന്ന് മൂന്ന് കോടി രൂപയുടെ സ്വർണവും വെള്ളിയും അക്രമി സംഘം കൊള്ളയടിച്ചുവെന്ന് ആരോപണവുമായി കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് എം.എൽ.എ കേസ് ഫയൽ ചെയ്തത്.

ഓഗസ്റ്റ് 11 ന് ഒരുകൂട്ടം ആളുകൾ തന്റെ വീടും വാഹനങ്ങളും ഉൾപ്പെടെയുള്ള വസ്തുവകകൾ തീയിട്ടതായും അദ്ദേഹം ആരോപിക്കുന്നു. തന്നോടൊപ്പം കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടെന്ന് മൂർത്തി അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 35 പ്രതികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു സോഷ്യൽമീഡിയയിൽ വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റ് ഇട്ടതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ എം.എൽ.എയുടെ വീടിന് മുന്നിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. കിഴക്കൻ ബംഗളൂരുവിലുളള ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി പ്രദേശങ്ങളിലേക്കും പൊലീസ് സ്‌റ്റേഷനുകൾക്കും നേരെ അക്രമം വ്യാപിച്ചിരുന്നു. 300ഓളം വാഹനങ്ങൾ കത്തിച്ചിരുരുന്നു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് വെടിയുതിർത്തതിനെ തുടർന്ന് മൂന്നുപേർ മരിച്ചിരുന്നു.