mahindra

മഹീന്ദ്രയുടെ ഥാർ..ഈ പേരുകേട്ടാൽ വാഹനപ്രേമികളുടെ മനസിൽ കുളിരുകോരും. പ്രത്യേകിച്ച് ഓഫ് റോഡ് ഡ്രൈവ് ഇഷ്ടപ്പെടുന്നവർക്ക്. ഇത്തരക്കാരെ ഒന്നുകൂടി ആവേശത്തിലാഴ്ത്തിക്കൊണ്ട് മഹീന്ദ്ര പുതിയ മോഡൽ ഥാർ അവതിരിപ്പിച്ചു. പക്ഷേ, വില ഇപ്പോഴും ടോപ്പ് സീക്രട്ടാക്കിയിരിക്കുകയാണ്. അതിനാൽ പുതിയ ഥാറിന്റെ വിലയെപ്പറ്റിയുളള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം പൊടിപൊടിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന മോഡലിന് കേരളത്തിൽ പതിനൊന്ന് ലക്ഷത്തിനടുത്തായിരുന്നു വില. പുതിയ മോഡലിൽ വമ്പൻ സെറ്റപ്പുകൾ ഉളളതിനാൽ വിലയിൽ വലിയ മാറ്റംവരുമെന്നാണ് പലരും കരുതുന്നത്. ഒക്ടോബർ രണ്ടിന് ഔദ്യോഗിക വില്പന തുടങ്ങുമ്പോൾ മാത്രമേ വില കമ്പനി പുറത്തുവിടൂ.

അടിസ്ഥാന രൂപത്തിൽ മാറ്റം വരുത്താതെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ പുതിയ മോഡലിലുണ്ട്. പക്ഷേ, രൂപം കണ്ടാൽ ആരുടെയെങ്കിലും മനസിൽ ജീപ്പിന്റെ ഓർമ്മ ഉണർന്നാൽ അവരെ കുറ്റംപറയാനൊക്കില്ല. സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലും ഒടുപടി മുന്നിലാണ് പുതിയ ഥാർ. എസ് യു വി പ്രേമികളായ എല്ലാവർക്കും കക്ഷിയെ നന്നായി ബോധിക്കും. ഓടിച്ചുനോക്കിയാൽ ഇഷ്ടം ഒന്നുകൂടി കൂടും.

mahindra-thar

2010ലാണ് മഹീന്ദ്ര ആദ്യമായി ന്യൂ ജനറേഷൻ ജീപ്പായ ഥാറിനെ അവതരിപ്പിച്ചത്. കരുത്തിന്റെ കാര്യത്തിൽ സൂപ്പറായിരുന്നെങ്കിലും സുഖസൗകര്യങ്ങളുടെ കാര്യത്തിൽ അത്ര മികവ് പുലർത്തിയിരുന്നില്ല. ഇത് പലരെയും ഥാറിൻ നിന്ന് അകറ്റി. ഇക്കാര്യം മനസിലാക്കി പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായാണ് പുതിയ ഥാറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്‌പ്ലേ, റിയർ പാർക്കിംഗ് മിറർ, പവർ ഫോൾഡിംഗ് മിറർ, പിന്നിൽ പാർക്കിംഗ് സെൻസർ, മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ് എന്നിവയും പുതിയ ഥാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ അഴിച്ചുനീക്കാൻ കഴിയും വിധത്തിലുളള ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓഫ് റോഡ് പ്രേമികളെ ലക്ഷ്യമാക്കിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

mahindra-thar1

ഡീസൽ എൻജിനും മാന്വൽ ഗിയർ ട്രാൻസ്മിഷനുമായിരുന്നു പഴയ ഥാറുകൾക്കുണ്ടായിരുന്നത്. പുതിയ ഥാറിനെ അവതരിപ്പിച്ചതോടെ ഇതെല്ലാം പഴങ്കഥയായി. പെട്രോൾ എൻജിനൊപ്പം ഓട്ടാേമാറ്റിക് ഗിയർബോക്സും ലഭ്യമാകും. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ പുതിൽ മോഡൽ ലഭ്യമാണ്. 2.0 ലിറ്റർ ടി-ജി ഡി ഐ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ എം-ഹോക്ക് ഡീസൽ യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു.

പെട്രോൾ യൂണിറ്റ് 150 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്യു ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 ബി എച്ച് പി കരുത്തും 300 എൻ എം ടോർക്യു ഉം പുറപ്പെടുവിക്കുന്നു. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി യോജിക്കുന്നു. 650 എം എം വാട്ടർ വേഡിംഗ് ശേഷിയും 226 എം എം ഗ്രൌണ്ട് ക്ലിയറെൻസും പുതിയ താറിലുണ്ട്. കൂടാതെ പുതിയ ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിലെ സ്‌കഫ് പ്ലേറ്റുകൾ, പുതിയ 18 ഇഞ്ച് വീലുകൾ, പുതിയ ടൈൽ‌ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു.ഉയരം ക്രമീകരിക്കാവുന്ന തരത്തിലാണ് മുൻവശത്തെ സീറ്റുകളും സ്റ്റിയറിംഗ് വീലും.