kaumudy-news-headlines

1. സംസ്ഥാനത്ത് ഒരുതരത്തിലുളള നിയമന നിരോധനവും ഇല്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ നിയമനം നടത്തുന്നു എന്ന പരാതി ശരിയല്ലെന്നും പറഞ്ഞു. കേരള പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്ത മുഴുവന്‍ ഒഴിവുകളും നികത്തിയിട്ടുണ്ട്. പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്ത തസ്തികകളില്‍ ഒരു തരത്തിലുളള കരാര്‍ നിയമവും നടക്കില്ല. അത്തരത്തിലുളള ഒരറിയിപ്പും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നും സക്കീര്‍ ഹുസൈന്‍


2. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാനുളള പ്രത്യേക സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് പി എസ്. സി എന്നും ചെയര്‍മാന്‍ അറിയിച്ചു. പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടും എന്നതിനാല്‍ റാങ്ക് ലിസറ്റുകളുടെ കാലാവധി ഇനി നീട്ടാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറയിച്ചു. നിയമന നടപടികള്‍ വേഗത്തിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
3. ഓണത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ മാസം 27 മുതല്‍ കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നാണ് സര്‍വീസ്. പത്ത് ശതമാനം അധിക നിരക്കിലായിരിക്കും സ്‌പെഷല്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാമെന്നും യാത്രക്കാര്‍ എല്ലാവരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് എടുക്കണമെന്നും മന്ത്രി അറിയിച്ചു. സര്‍വീസ് റദ്ദാക്കിയാല്‍ ടിക്കറ്റ് തുക തിരിച്ച് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
4. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒഴികെ എല്ലാവര്‍ക്കും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കൈയടക്കാന്‍ ചൈനയെ അനുവദിച്ചത് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ 15ന് ലഡാക്കിലെ ഗാല്‍വാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചും കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടും ചൈനയുടെ പേര് പോലും പറയാന്‍ മോദിയ്ക്ക് പേടിയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
5. ചൈനയ്ക്ക് തിരിച്ചടി നല്‍കി രാജ്യത്തെ സംരക്ഷിക്കാന്‍ എന്താണ് ചെയ്യുന്നതെന്ന് എല്ലാ ഇന്ത്യക്കാരും സര്‍ക്കാരിനോട് ചോദിക്കണം എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറിയ ചൈനയുടെ പേരുപറയാന്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ എന്തിനാണ് ഭയപ്പെടുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു
6. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്ക തുടരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം പ്രതിദിന കൊവിഡ് രോഗവര്‍ധന ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുക ആണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന അറുപതിന് ആയിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 12,614 പേര്‍ രോഗ ബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്നാട്ടില്‍ 5,860 പേരും കഴിഞ്ഞ ദിവസം രോഗ ബാധിതരായി. ഉത്തര്‍പ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു
7. പശ്ചിമ ബംഗാളില്‍ 3,074 ആണ് 24 മണിക്കൂറിന് ഉള്ളിലെ രോഗ ബാധിതര്‍. രാജ്യത്ത് എട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാമ്പിള്‍ പരിശോധന. 71 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ അര ലക്ഷം കടന്നു. രോഗികളുടെ എണ്ണം അമേരിക്കയില്‍ 55 ലക്ഷവും ബ്രസീലില്‍ 33 ലക്ഷവും കടന്നു. നിലവില്‍ അമേരിക്കയില്‍ പ്രതിദിനം അരലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിക്കുന്നത്. ബ്രസീലില്‍ ദിവസവും മുപ്പത്തെട്ടായിരം പേര്‍ രോഗികളാകുന്നു. ഏഷ്യയില്‍ കോവിഡ് രോഗികളുടെ ആകെ എണ്ണം 55 ലക്ഷം കടന്നു.
8. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിറുത്തി ഇരിക്കുന്നത്. കൊവിഡ് കൂടി ബാധിച്ചതിനാല്‍ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ല. തലച്ചോറിലെ സങ്കീര്‍ണ്ണ ശസ്ത്രക്രിയക്ക് പുറമെ കൊവിഡ് കൂടി ബാധിച്ചതോടെ ആണ് പ്രണബിന്റെ നില ഗുരുതരമായത്.
9. കഴിഞ്ഞ 10 നാണ് കുളിമുറിയില്‍ വീണ് തലക്ക് പരിക്കേറ്റ പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനിടെ, പ്രണബ് മുഖര്‍ജി മരിച്ചു എന്ന വ്യാജ പ്രചാരണം പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകര്‍ അടക്കം ഏറ്റെടുത്തതിന് എതിരെ അദ്ദേഹത്തിന്റെ മകളും മകനും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.