എസ്.പി.ബാലസുബ്രഹ്മണ്യം എന്ന അതുല്യഗായകൻ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഭാഷാ വ്യത്യാസമില്ലാതെ ശ്രോതാക്കൾ കാത്തിരിക്കുന്നു

sp

സംഗീത ലോകത്തിന്റെ പ്രാർത്ഥനകൾക്ക് കരുത്ത് പകർന്ന് എസ് .പി .ബാല സുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി. സ്വര മാധുര്യത്തിന്റെ അത്ഭുത പ്രതിഭയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകരും സംഗീത ലോകവും. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി.ബി. ചികിത്സയിലുള്ളത്. ഓഗസ്​റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പോസി​റ്റിവായ വിവരം എസ്.പി.ബി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും വീട്ടിൽ തന്നെ വിശ്രമിക്കാൻ ആരോഗ്യവിദഗ്ദ്ധർ നിർദേശിച്ചെങ്കിലും വീട്ടുകാരുടെ സുരക്ഷയെ കൂടി കരുതി ആശുപത്രിയിലേക്ക് മാറിയെന്നുമാണ് എസ്.പി.ബി അറിയിച്ചത്.പ്രിയ ഗായകന്റെ അസുഖം പെട്ടെന്ന് ഭേദമാകാനായി സിനിമാ ലോകവും സംഗീത ലോകവും പ്രാർത്ഥനാശംസകൾ നേ‌‌ർന്നു.


'ബാലൂ.. പെട്ടെന്നു തിരിച്ചുവരൂ... ഉ​റ്റ സുഹൃത്തായ എസ് .പി .ബിയ്ക്കുവേണ്ടി ഇളയരാജ ഇങ്ങനെ കുറിച്ചു.

'നിനക്കായ് കാത്തിരിക്കുകയാണ്...നമ്മുടെ ജീവിതം സിനിമയോടെ അവസാനിക്കുന്നതല്ല. സിനിമയിലൂടെയല്ല തുടങ്ങിയതും. കച്ചേരികളിലൂടെയും പാട്ടുവേദികളിലൂടെയും തുടങ്ങിയ സംഗീതമാണ്. അത് നമ്മുടെ ജീവനാണ്. ജീവിച്ചിരിക്കുന്നതിന്റെ കാരണമാണ്. ഈണം സ്വരങ്ങളുമായി കൂടിച്ചേർന്ന് പിരിയാതെ നിലകൊള്ളുന്ന പോലെ നമ്മുടെ സൗഹൃദവും ഒരു കാലത്തും മുറിഞ്ഞു പോയിട്ടില്ല. നമ്മൾ തമ്മിൽ വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും നമുക്കുള്ളിലെ സൗഹൃദം എന്നും അവിടെയുണ്ട്. അതിനാൽ നീ എത്രയും വോഗം തിരിച്ചുവരാൻ ഞാൻ പ്രാർഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ... വേഗം വാരൂ...' ഇളയരാജ പറഞ്ഞു.

1946 ജൂൺ നാലിന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിലായിരുന്നു എസ് .പി .ബിയുടെ ജനനം. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ്.പി. സമ്പാമൂർത്തിയാണ് സംഗീതത്തിെന്റെ ബാലപാഠങ്ങൾ പകർന്നത്. ഹർമോണിയത്തിലും ഓടക്കുഴലിലുമായിരുന്നു തുടക്കം. 1966ൽ കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം 'ശ്രീ ശ്രീ മരയത രാമണ്ണ' യിൽ പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് അരങ്ങേ​റ്റം കുറിച്ചത്. എന്നാൽ, ഈ പാട്ടുകൾക്ക് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മദ്റാസിലെ എൻജിനിയറിംഗ് പഠനകാലത്ത് എം.എസ്. വിശ്വനാഥനെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായി. ശാന്തിനിലയം എന്ന സിനിമയിൽ പി. സുശീലയൊടൊപ്പം പാടിയ 'ഇയർകൈ എന്നും ഇളയകനി' എന്ന ഗാനം എം.ജി.ആറിന്റ ശ്രദ്ധയിൽപ്പെട്ടതോടെയാണ് എസ്.പി.ബിയുടെ ഭാഗ്യം തെളിഞ്ഞത്. അടിമപ്പെൺ എന്ന സിനിമയിൽ കെ.വി. മഹാദേവന്റെ സംഗീതത്തിൽ എം.ജി.ആറിന് വേണ്ടി പാടിയ 'ആയിരം നിലവേ വാ' ഹി​റ്റായതോടെ തമിഴകം എസ്.പി.ബിയെ നെഞ്ചിലേ​റ്റി.

ശാസ്​ത്രീയ സംഗീതത്തി​ന്റെ ആകാശങ്ങളിലേക്കും ലളിത സംഗീതത്തിന്റെ അടിത്തട്ടിലേക്കും അനായാസം എത്തിച്ചേരുന്ന അതുല്യ പ്രതിഭ. . ആലാപനം, സംഗീത സംവിധാനം, ഡബ്ബിങ്, അഭിയനയം... സിനിമയിൽ കൈവെച്ച മേഖലകളെല്ലാം പൊന്നാക്കിയ സകലകലാ വല്ലഭൻ. ശാസ്ത്രീയ സംഗീതം പഠിക്കാതെയാണ് 'ശങ്കരാഭരണത്തിലെ ' ശാസ്ത്രീയ ഗാനങ്ങൾ പാടിയത്. അതിന് ദേശീയ അവാർഡ് നേടി വിസ്മയിപ്പിച്ചു .16 ഇന്ത്യൻ ഭാഷകളിലെ 40,000 പാട്ടുകളുമായാണ് ഏ​റ്റവും കൂടുതൽ ഗാനങ്ങൾ പാടി എന്ന ഗിന്നസ് റെക്കാർഡ് എസ് .പി ബി .നേടിയത് . ഒ​റ്റ ദിവസം ഇരുപത്തിയൊന്ന് പാട്ട് പാടിയെന്ന റെക്കാർഡും എസ് .പി .ബി സ്വന്തമാക്കിയിരുന്നു. എഴുപത്തിരണ്ടോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ഒരു ഗായകൻ ആദ്യമായിട്ടാണ് ഇത്രയും സിനിമകളിൽ അഭിനയിക്കുന്നത്. അഭിനയിച്ച സിനിമകളിലെ ഭാഷകളിലെല്ലാം ഡബ്ബ് ചെയ്തു. നാല് ഭാഷകളിലായി നാല്പത്തിയാറു സിനിമകൾക്ക് സംഗീതം പകർന്നു . 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യവും അദ്ദേഹത്തെ ആദരിച്ചു.സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഗായകനും നടനുമായ എസ്.പി.ബി. ചരൺ ആണ് മകൻ, പല്ലവി എന്നൊരു മകളുമുണ്ട്.വർഷങ്ങൾക്കുമുമ്പെ കടൽപ്പാലം എന്ന മലയാളം സിനിമയിൽ ഈ കടലും മറുകടലും എന്ന മലയാളഗാനം എസ്.പി.ബി ആലപിച്ചിട്ടുണ്ട്.