shark

സിഡ്‌നി: യുവതിയെ അതിസാഹസികമായി സ്രാവിന്റെ പിടിയിൽ നിന്ന് രക്ഷിച്ച് ഭർത്താവ്. സിഡ്നിയിൽ നിന്ന് നാല് മണിക്കൂർ യാത്രയുള്ള വടക്ക് പോർട്ട് മക്വാരിക്ക് സമീപത്തെ കടൽത്തീരത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം.ദമ്പതികൾ സർഫിംഗ് നടത്തുകയായിരുന്നു. ഈ സമയം സ്രാവ് മുപ്പത്തഞ്ചുകാരിയുടെ കാലിൽ കടിക്കുകയായിരുന്നു.

ഇതുകണ്ടയുടൻ കൂടെയുണ്ടായിരുന്ന ഭർത്താവ് യുവതിയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. യുവതിയെ വിട്ടയക്കുന്നതുവരെ അയാൾ സ്രാവിനെ കൈകൊണ്ട് ആഞ്ഞ് കുത്തിക്കൊണ്ടിരുന്നു. സ്രാവിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് മുപ്പത്തഞ്ചുകാരി രക്ഷപ്പെട്ടത്. കടൽത്തീരത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശസ്ത്രക്രിയയ്ക്കായി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

സ്വന്തം ജീവൻ പണയംവച്ച് ഭാര്യയെ രക്ഷിച്ചയാളെ 'ഹീറോ' എന്നാണ് ദൃക്സാക്ഷികൾ അഭിസംബോധന ചെയ്തത്. 'അദ്ദേഹം സ്രാവിനെ കുത്താൻ തുടങ്ങി.അവൻ അവളുടെ ജീവൻ രക്ഷിച്ചു.ശരിക്കും അവിശ്വസനീയനായിരുന്നു.'- ഒരാൾ പറഞ്ഞു. എന്നാൽ യുവതിയുടെ ഭർത്താവ് മാർക്ക് റാപ്ലി തന്റെ ശ്രമങ്ങൾ നിസാരവത്കരിച്ചു. അങ്ങനെയൊരു സാഹചര്യത്തിൽ ഏതൊരാളും ചെയ്യുന്നതേ താൻ ചെയ്തുള്ളുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്ത് ഏറ്റവുമധികം സ്രാവ് ആക്രമണമുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ ഈ വർഷം ഇതുവരെ രാജ്യത്ത് അഞ്ച് മാരകമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.