
കൊച്ചി: കഴിഞ്ഞവർഷത്തെ ലാഭവിഹിതമായി കേന്ദ്രസർക്കാരിന് 57,128 കോടി രൂപ നൽകാൻ റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്‌ടർ ബോർഡ് തീരുമാനം. ഭാവിയിലെ അടിയന്തര ആവശ്യങ്ങൾക്കുള്ള 'കണ്ടിൻജെൻസി റിസ്‌ക്" വിഹിതം 5.5 ശതമാനത്തിൽ നിലനിറുത്തിക്കൊണ്ട് ലാഭവിഹിതം കൈമാറാനാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷത വഹിച്ച 584-ാമത് കേന്ദ്ര ഡയറക്‌ടർ ബോർഡ് തീരുമാനിച്ചത്.
അതേസമയം, കേന്ദ്ര സർക്കാർ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ട ലാഭവിഹിതം 60,000 കോടി രൂപയായിരുന്നു. കൊവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധി മൂലം ഏപ്രിൽ-ജൂൺ കാലയളവിൽ തന്നെ കേന്ദ്രത്തിന്റെ ധനക്കമ്മി 6.62 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്. നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിന്റെ 83 ശതമാനമാണിത്. ധനക്കമ്മി പരിധിവിട്ടുയരുമെന്നതിനാൽ, റിസർവ് ബാങ്കിനോട് കേന്ദ്രം കൂടുതൽ പണം ചോദിക്കാനിടയുണ്ട്. കുറഞ്ഞത് 1.05 ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രം ചോദിച്ചേക്കും.
ഏറെ വിവാദങ്ങൾക്ക് ഒടുവിൽ, കഴിഞ്ഞ സാമ്പത്തിക വർഷം 1.76 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു. ഇതിൽ 1.23 ലക്ഷം കോടി രൂപ ലാഭവിഹിതവും 52,540 കോടി രൂപ അധികപ്പണവുമാണ് (സർപ്ളസ്). കരുതൽ ധനശേഖരത്തിൽ നിന്ന് പണമെടുത്താണ് കഴിഞ്ഞവർഷം സർക്കാരിന് റിസർവ് ബാങ്ക് പണം കൈമാറിയത്. ഇതിന് സർക്കാർ മുതിർന്നപ്പോഴേ, അന്നത്തെ ഗവർണർ ഉർജിത് പട്ടേൽ, ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ എന്നിവർ ഉടക്കിട്ടിരുന്നു. പിന്നീടവർ, രാജിവച്ചൊഴിയുകയും ചെയ്‌തു.