തിരുവനന്തപുരം: സംസ്ഥാനം മാറി മാറി ഭരിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങൾക്ക് യാതൊരു നന്മയും ചെയ്യാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് പുതിയൊരു മുന്നണി എന്ന ആശയത്തിലേക്ക് കടന്നതെന്ന് പി.സി.ജോർജ്. കാർഷിക മേഖല തകർന്ന് തരിപ്പണമായി. ചെറുകിട കച്ചവടക്കാർക്ക് ജീവിക്കാൻ മാർഗമില്ല. തൊഴിൽ മേഖല മുഴുവൻ സ്‌തംഭിച്ച് തൊഴിലാളികൾ പട്ടിണിയിലാണ്. ഇതുവരെ അധികാരത്തിന്റെ പങ്കുപറ്റാത്ത വലിയൊരു വിഭാഗം ജനങ്ങൾ പാർശ്വവത്കരിക്കപ്പെട്ട് കേരളത്തിലുണ്ട്. അവരായിരിക്കും തനിക്കൊപ്പം മുന്നണിയിലുണ്ടാവുക.
പി.സി ജോർജ് ഫ്ളാഷിനോട് സംസാരിക്കുന്നു:
ഇങ്ങനെയാണ് ആ മുന്നണി
സംവരണത്തിന്റെ പേരിൽ കുറച്ച് എം.എൽ.എമാരും എം.പിമാരും ഉണ്ടാവുന്നു എന്നല്ലാതെ സംസ്ഥാനത്തെ ദളിത് വിഭാഗങ്ങൾക്ക് ഭരണത്തിൽ പങ്കാളിത്തമില്ല. അവർക്ക് നേരിട്ട് ഭരണത്തിൽ പങ്കാളിത്തമുണ്ടാകുന്ന ഒരു
സാഹചര്യമുണ്ടാകണം. ആ നിലയിലുള്ള മുന്നണിക്കാണ് രൂപം കൊടുക്കുന്നത്. ആദ്യം ശക്തമായ ഒരു മുന്നണി രൂപീകരിച്ച ശേഷമാകും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും മുന്നണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കും. സംസ്ഥാനത്തെ മുന്നണികൾക്ക് എതിരായി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ജനതയ്ക്ക് വോട്ട് ചെയ്യാനൊരിടം ഞങ്ങൾ ഒരുക്കി കൊടുക്കും. ഡി.എച്ച്.ആർ.എം, ബി.എസ്.പി ഉൾപ്പെടെ ഒട്ടനവധി സംഘടനകൾ ഈ കൂട്ടായ്‌മയിലുണ്ട്. എല്ലാ കക്ഷികളുടെയും കൊടികൾ കൂട്ടികെട്ടിയുള്ള ഈ മുന്നണിയെപ്പറ്റി കൂടുതൽ വിശദാംശങ്ങൾ 25ന് ശേഷം പ്രഖ്യാപിക്കും.
സംസ്ഥാനത്ത് ഭരണമുണ്ടോ..
സംസ്ഥാനത്ത് ഇപ്പോൾ ഭരണമുണ്ടെന്ന് പോലും പറയാനാകാത്ത സാഹചര്യമാണ്. അഴിമതി ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ഉമ്മൻചാണ്ടി സർക്കാരിനെ തകർത്തത് ഒരു സ്ത്രീയാണ്. ഇപ്പോൾ പിണറായി സർക്കാരിന്റെ നാലാം കൊല്ലത്തിലും കടന്നുവന്നിരിക്കുന്നത് ഒരു സ്ത്രീയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടോയെന്നതിനപ്പുറം
അദ്ദേഹത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കറിന് സ്വപ്‌നയുമായി ബന്ധമുണ്ടായിരുന്നുവെന്നത് വ്യക്തമാണ്. കേസിൽ ശിവശങ്കർ സംശയനിഴലിലാണ്. സ്വപ്ന സുരേഷ് മിടുക്കിയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലും അവരുടെ അടിമയായിപ്പോയി. മന്ത്രി കെ.ടി. ജലീലിനെതിരായ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ ഞാൻ പുറത്തുവിടും. നിയമവിരുദ്ധമായി നയതന്ത്ര ബന്ധങ്ങൾ പോലും തകർത്ത് കേന്ദ്രസർക്കാരിന്റെ അനുമതി പോലുമില്ലാതെയാണ് മത ഗ്രന്ഥം എന്ന പേരിൽ എത്തിച്ചത്. ജലീലിനെ കാബിനറ്റിൽ വച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ സമൂഹത്തോട് ക്ഷമ പറയേണ്ടി വരും.
കേരളകോൺഗ്രസിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല
കേരള കോൺഗ്രസൊക്കെ തീർന്നുപോയ കേസുകെട്ടുകളാണ്. സംസ്ഥാനത്തെ മനുഷ്യരെ ചിരിപ്പിക്കാൻ ആകെ മൊത്തം ഒമ്പത് കേരള കോൺഗ്രസുകളാണുള്ളത്. നേതാക്കൾക്കല്ലാതെ സാധാരണക്കാർക്ക് കേരള കോൺഗ്രസുകളെ കൊണ്ട് യാതൊരു പ്രയോജനവുമില്ല. കർഷകരെ കൊള്ളയടിച്ചാണ് കേരള കോൺഗ്രസ് നേതാക്കന്മാർ ജീവിക്കുന്നത്. ഇനിയൊരു കേരള കോൺഗ്രസിലേക്കും ഞാനുണ്ടാകില്ല.
രാജ്യസഭ തിരഞ്ഞെടുപ്പിലെ നിലപാട്
രാജ്യസഭ തിരഞ്ഞെടുപ്പിൽ നിഷ്‌പക്ഷ നിലപാടായിരിക്കും ഞാൻ സ്വീകരിക്കുക. നിലവിൽ തുടരുന്ന നയം തന്നെയായിരിക്കും തിരഞ്ഞെടുപ്പിലും എന്റെ നയം. എൽ.ഡി.എഫിനും യു.ഡി.എഫിനും ഞാൻ വോട്ട് ചെയ്യില്ല. എന്നാൽ വോട്ട് ചെയ്യാൻ അവകാശമുള്ളതു കൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തും. കർഷകന്റെ സ്ഥാനാർത്ഥിയായത് കൊണ്ട് കൽപ്പകവാടിക്ക് ഞാൻ വോട്ട് ചെയ്യുമെന്നൊക്കെ അയാൾ വെറുതെ പറയുന്നതാണ്. ഞാൻ വോട്ട് ചെയ്താലും കൽപ്പകവാടി തോൽക്കും. വെറുതെ എന്തിനാണ് എന്റെ വോട്ട് പാഴാക്കുന്നത്. ശ്രേയാംസ്‌കുമാർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. നിയമസഭയിൽ ഒരുപാടുകാലം ഞങ്ങൾ ഒരുമിച്ചാണ് ഇരുന്നത്.