കൊച്ചി: കൊവിഡ് കാലത്ത്, സുരക്ഷിത നിക്ഷേപമെന്ന പെരുമയുമായി ഗോൾഡ് ഇ.ടി.എഫുകൾ വൻതോതിൽ പണം വാരിക്കൂട്ടുന്നു. 921 കോടി രൂപയാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോൾഡ് ഇ.ടി.എഫ്) ജൂലായിൽ ഒഴുകിയത്. 86 ശതമാനമാണ് ജൂണിനേക്കാൾ വർദ്ധന. ആഗോളതലത്തിൽ ഓഹരി-കടപ്പത്ര വിപണികൾ ആടിയുലയുന്നതാണ് നിക്ഷേപകർക്ക് ഗോൾഡ് ഇ.ടി.എഫുകൾ പ്രിയങ്കരമാകുന്നത്.
2020 ജനുവരി-ജൂലായ് കാലയളവിൽ ഗോൾഡ് ഇ.ടി.എഫ് നേടിയത് 4,452 കോടി രൂപയുടെ നിക്ഷേപമാണ്. ജൂണിൽ 494 കോടി രൂപ ലഭിച്ചുവെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. ഗോൾഡ് ഇ.ടി.എഫ് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്ത ആസ്തി (എ.യു.എം) ജൂണിലെ 10,857 കോടി രൂപയിൽ നിന്ന് 19 ശതമാനം വർദ്ധിച്ച് കഴിഞ്ഞമാസം 12,941 കോടി രൂപയിലെത്തി.
സ്വർണപ്പണം
(ഗോൾഡ് ഇ.ടി.എഫിലേക്ക് എത്തിയ നിക്ഷേപം - കോടിയിൽ)
ജനുവരി : ₹202
ഫെബ്രുവരി : ₹1,483
മാർച്ച് : ₹195 (നഷ്ടം)
ഏപ്രിൽ : ₹731
മേയ് : ₹815
ജൂൺ : ₹494
ജൂലായ് : ₹921
(കനത്ത ലാഭമെടുപ്പാണ് മാർച്ചിൽ നഷ്ടത്തിന് കാരണം)