poojappura

തിരുവനന്തപുരം: കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 298 പേർക്കിടയിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഇരുനൂറിലധികം തടവുകാർക്കാണ് കൊവിഡ് റിപ്പോർട്ടുചെയ്തത്. ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലിൽ ആദ്യം രോഗം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശിയായ തടവുകാരൻ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. വരുന്ന അഞ്ചുദിവസം വളരെ നിർണായകമെന്നാണ് ജയിൽ അധികൃതർ പറയുന്നത്. 970 തടവുകാരാണ് നിലിവിൽ പൂജപ്പുര ജയിലുളളത്.

രോഗം സ്ഥിരീകരിച്ചവരെ ജയിലിൽ സജ്ജീകരിച്ചിട്ടുളള പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന തടവുകാർക്കും വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണവും കൂടുകയാണ്. ഇന്നലെ 321 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.