gold

കൊച്ചി: കേരളത്തിൽ മാത്രം സ്വർണാഭരണ മേഖലയിൽ ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു. കള്ളക്കടത്ത് തടയേണ്ടതിന് പകരം വ്യാപാരികളെ പീഡിപ്പിക്കുകയെന്ന സമീപനം ശരിയല്ല. കള്ളക്കടത്ത് സ്വർണം പിടിക്കാനുള്ള അധികാരമുണ്ടെങ്കിലും സ്വർണാഭരണം മാത്രമാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ പിടിക്കുന്നത്.

അഞ്ചുവർഷത്തിനിടെ 6,103 കിലോ സ്വർണം പിടിച്ചെടുത്ത് നികുതിയും പിഴയും ഈടാക്കിയെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. അഞ്ചുവർത്തിനിടെ 1,000 ടൺ സ്വർണമെങ്കിലും കള്ളക്കടത്തായി കേരളത്തിൽ എത്തിയെന്നാണ് വിവിധ ഏജൻസികളുടെ റിപ്പോർട്ട്. ഇതിൽ, ഒരുഗ്രാം സ്വർണക്കട്ടി പോലും ജി.എസ്.ടി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടില്ല. കള്ളക്കടത്ത് സ്വർണമുപയോഗിച്ച് എവിടെയാണ് ആഭരണങ്ങൾ നിർമ്മിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ല. നിർമ്മാണ മേഖലയിലെ സ്വർണത്തിന്റെ ഉറവിടവും അവർ കണ്ടെത്തുന്നില്ല.

ഒന്നരപവൻ സ്വർണാഭരണവുമായി പോകുന്നവരെ പോലും ഇ-വേ ബിൽ ആവശ്യപ്പെടാനും ഇ-വേ ബിൽ ഇല്ലെങ്കിൽ കണ്ടുകെട്ടാനും കഴിയുന്ന പുതിയ നീക്കം ഉദ്യോഗസ്ഥരാജിന് വഴിതെളിക്കും. ഗ്രാമിന് 150 രൂപ ഇനാം പ്രഖ്യാപിക്കുന്ന നിയമം വലിയ പ്രതിസന്ധി സൃഷ്‌ടിക്കും. ഒരു രാജ്യം ഒരു നികുതിയെന്ന ജി.എസ്.ടിയുടെ അന്തഃസത്തയ്ത്ത് കോട്ടം വരുത്തുന്നതാണ് പുതിയ നിയമം. കേരളത്തിലെ സ്വർണാഭരണ വിപണിയുടെ 80 ശതമാനം കൈയാളുന്ന ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന നിയമം നടപ്പാക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.