കണ്ണൂർ: കൊവിഡ് ബാധിച്ച് ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസയാണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെതുടർന്ന് വെന്റിലേറ്ററിലായിരുന്നു. കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം,മലപ്പുറം,തൃശൂർ ജില്ലകളിലാണ് മറ്റുമരണങ്ങൾ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ഒരു തടവുകാരൻ ഉൾപ്പടെ നാലുപേരാണ് മരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠൻ(72) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നരവർഷമായി പൂജപ്പുര ജയിലിലെ തടവുകാരനാണ്. ചിറയിൻകീഴ് സ്വദേശി രമാദേവിയും (68) കൊവിഡ് മൂലം മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരിച്ച പരവൂർ സ്വദേശി കമലമ്മയ്ക്ക് (85) കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വെട്ടൂർ സ്വദേശി മഹദ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൃശൂരിൽ കൊവിഡ് ബാധിച്ച് കൊടുങ്ങല്ലൂർ സ്വദേശി ശാരദ മരിച്ചു. 70 വയസായിരുന്നു.ഇന്നലെ രാത്രിയായിരുന്നു മരണം.
വയനാട്ടിൽ വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദബാധിതനായിരുന്നു. ജൂലായ് 28നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോന്നി സ്വദേശി ഷെഷറുബാനാണ് മരിച്ചത്. 54 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു മരണം. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
ആലപ്പുഴ പത്തിയൂർ സ്വദേശി ആനന്ദഭവനത്തിൽ സദാനന്ദൻ (63) കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗം. കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.