ബെലാറസ്: ബെലാറസിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി അലക്സാണ്ടർ ലുകാഷെങ്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ജനം തെരുവിലിറങ്ങി. നാടെങ്ങും പ്രക്ഷോഭത്തിന്റെ വക്കിലാണ്. ഇക്കഴിഞ്ഞ ഒൻപതാം തീയതിയാണ് ലുകാഷെങ്കോ വീണ്ടും അധികാരത്തിലെത്തിയത്. 26 വർഷം നീണ്ട അടിച്ചമർത്തലുകൾക്കിടെയാണ് റഷ്യൻ അയൽരാജ്യമായ ബെലാറസിൽ ഇക്കുറി തിരഞ്ഞെടുപ്പ് നടന്നത്. അതിന്റെ ഭാഗമായുള്ള എല്ലാ നിരീക്ഷണങ്ങളെയും കാറ്റിൽപ്പറത്തി 80.1 ശതമാനം വോട്ടോടെ ലുകാഷെങ്കോ വിജയിച്ചു. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നും ലുകാഷെങ്കോ വിജയം മോഷ്ടിക്കുകയായിരുന്നുവെന്നും പറഞ്ഞാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാൻ സൈന്യത്തെ പ്രസിഡന്റ് രംഗത്തിറക്കിയിട്ടുണ്ട്. പ്രതിഷേധത്തിൽ പൊലീസുകാരുൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.
ടെലിവിഷൻ ചാനലുകൾക്ക് മുന്നിലും ജനങ്ങൾ പ്രതിഷേധം നടത്തി. പ്രകടനത്തിൽ പരിക്കേറ്റവരെ കുറിച്ച് പൂർണമായ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
26 വർഷമായി അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.പ്രധാന പ്രതിപക്ഷ സ്ഥാനാർത്ഥി സ്വെറ്റ്‌ലാന തിഖനോവ്സ്കായയ്ക്ക് 10.12 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചതെന്നാണ് സർക്കാർ പുറത്തുവിട്ട ഫലത്തിൽ പറയുന്നത്. എന്നാൽ, വോട്ടുകൾ ശരിയായി കണക്കാക്കപ്പെട്ടിരുന്നെങ്കിൽ തനിക്ക് 60 ശതമാനം മുതൽ 70% വരെ പിന്തുണ ലഭിക്കേണ്ടിയിരുന്നുവെന്ന് തിഖനോവ്സ്കയ പറയുന്നു.
ബലാറസിന് സൈനിക സഹായം നൽകാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ലുകാഷെങ്കോയുടെ അഭ്യർത്ഥന പ്രകാരമാണിത്.
തെരഞ്ഞെടുപ്പ് നീതിപൂർവം നടന്നതല്ലെന്ന് യു.എസും യൂറോപ്യൻ യൂണിയനും പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ സൈനിക സഹായ വാഗ്ദാനം. തെരഞ്ഞെടുപ്പിനെത്തുടർന്ന് 6,700 പേരെയാണ് സർക്കാർ അറസ്റ്റ് ചെയ്തത്. അതേസമയം, മോചിതരായ തടവുകാരിൽ ഭൂരിഭാഗവും ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.