ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന ഇരട്ട സ്ഫോടനത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. തുറമുഖ പ്രദേശത്തുണ്ടായ സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ലബനന്‍ പ്രസിഡന്റ് മിച്ചല്‍ ഓണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരില്‍ ഭിന്നത രൂക്ഷമായി.
പ്രദേശത്തെ നിര്‍മ്മാണങ്ങളെല്ലാം തകര്‍ന്നു. എന്നാല്‍ നഗരത്തിലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്ഫോടനത്തില്‍ 200ലധികം പേര്‍ മരിക്കുകയും നാലായിരത്തിലധികം പേര്‍ അപകടത്തില്‍ പെടുകയും ചെയ്തു. ഇത്രയും ഗുരുതരമായ സാഹചര്യം തുടരുന്ന പ്രദേശത്തെ ആശുപത്രികളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ലെബനന്‍ തലസ്ഥാനത്തെ പകുതിയോളം ആശുപത്രികളും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നില്ല. ജീവനക്കാര്‍ നഗരം വിട്ടതും ആശുപത്രികളിലുണ്ടായ നാശ നഷ്ടങ്ങളുമാണ് ഇതിനുള്ള കാരണമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടും ചില ക്ലിനിക്കുകള്‍ പ്രകടിപ്പിക്കുന്നുണ്ട്.
സ്‌ഫോടനത്തിന്റെ ആഘാതം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് ഇവര്‍ വാദിക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ തലസ്ഥാനത്തെ പേരുകേട്ട സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റല്‍ ഭാഗികമായി തകര്‍ന്നു. പ്രസവ വാര്‍ഡ് പൂര്‍ണമായും നശിച്ചു. ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിയുന്ന രോഗികളുടെയും നില ആശങ്കയിലാണ്.കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നിലച്ച നിലയിലാണ്. 110 ഓളം കുട്ടികള്‍ നിലവില്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നഗരത്തിലെ മൂന്ന് ആശുപത്രികളും 25 ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നില്ല.
കൊവിഡ് കേസുകള്‍ ഉള്‍പ്പെടെയുള്ള ഭീഷണി തുടരുന്നതിനിടെ കടുത്ത പ്രത്യാഘാതമാണ് ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്നത്. സ്ഫോടനത്തിന് പിന്നാലെയുണ്ടായ ആഘാതത്തില്‍ നിന്നും കരകയറിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന പല കുട്ടികളുടെയും മാതാപിതാക്കള്‍ സ്‌ഫോടനത്തില്‍ മരിച്ചു. ചിലര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടരുന്നു.