ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (പി എം ജെ ഡി വൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സീറോ ബാലൻസിൽ തുടങ്ങിയ 40 കോടി അക്കൗണ്ടുകളിലായി 1.29 ലക്ഷം കോടി രൂപ നിലവിലുണ്ട്. ഇതിൽ 26കോടി 14 ലക്ഷം അക്കൗണ്ടുകൾ ആരംഭിച്ചത് സ്ത്രീകളാണ്. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ടുള്ള കാമ്പെയിൻ രാജ്യമൊട്ടാകെ നടക്കുന്നു. പൂജ്യം ബാലൻസിൽ തുടങ്ങിയ ഈ 40 കോടി അക്കൗണ്ടിലാകെ 1.30 ലക്ഷം കോടി രൂപ ബാലൻസ് ഉണ്ട് എന്നത് പദ്ധതിയുടെ വിജയമാണെന്നാണ് റിപ്പോർട്ടുകൾ.
സീറോ ബാലൻസ് എന്നതിലുപരിയായി പദ്ധതിയെ ആകർഷകമാക്കാൻ തീരെ ചെറിയ തുക മാത്രം വാർഷിക അടവുള്ള രണ്ട് ഇൻഷുറൻസ് പദ്ധതി, മാസാമാസം ചെറു തുക നീക്കി വച്ച് നേടാൻ പറ്റുന്ന പെൻഷൻ പദ്ധതി (എപിവൈ) കൂടാതെ ആറുമാസം നിശ്ചിത മാനദണ്ഡ പ്രകാരം ഉപയോഗിച്ചാൽ 5000 രൂപ ഓഡിയും (അതായത് നെഗറ്റീവ് 5000 രൂപ ബാലൻസ് )ആവശ്യമുള്ളവർക്ക് ലഭിക്കും.
അക്കൗണ്ടിൽ പണം ഇല്ലെങ്കിലും 5000 രൂപ വരെ എടുക്കാം. ലോക്ക്ഡൗൺ കാലത്ത് പ്രതിമാസം 500 രൂപ വനിതകളുടെ ജൻധൻ അക്കൗണ്ടുകളിലേക്ക് ആശ്വാസ ധനമായി നൽകിയിരുന്നു. അക്കൗണ്ടിനെ കുറിച്ച് തുടക്കത്തിൽ വിമർശനങ്ങളുണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ മൂന്ന് നാല് മാസത്തിനിടെ തന്നെ ഏകദേശം രണ്ട് കോടിയിലധികം അക്കൗണ്ടുകൾ തുറന്നതായാണ് റിപ്പോർട്ടുകൾ.