സിഡ്‌നി: സർഫിംഗിനിടെ സ്രാവിന്റെ ആക്രമണം നേരിട്ട ഭാര്യയെ രക്ഷിക്കാൻ ഹോളിവുഡ് സ്റ്റൈൽ ഫൈറ്റ് നടത്തി ഭർത്താവ്. ആസ്ട്രേലിയയിലാണ് സംഭവം. പോർട്ട് മാക്വറിയ്ക്ക് സമീപത്തെ ബീച്ചിൽ ശനിയാഴ്ച രാവിലെ സർഫിംഗിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മാർക്ക് റാപ്ലെയും ഭാര്യയും. അപ്പോഴാണ് അവർക്കരികിലേക്കെത്തിയ സ്രാവ് മാർക്കിന്റെ ഭാര്യയുടെ കാലിൽ കടിച്ചത്. മൂന്ന് മീറ്ററോളം നീളമുള്ള സ്രാവ് തന്റെ ഭാര്യയെ ക്രൂരമായി ആക്രമിക്കുന്നത് നോക്കി നിൽക്കാൻ മാർക്കിനാവുമായിരുന്നില്ല. ഭാര്യയെ രക്ഷിക്കാൻ മാർക്ക് സ്രാവിന്റെ മേൽ ചാടി വീണ്, മുറുകെ പിടിച്ച്, സർവശക്തിയുമെടുത്ത് അതിനെ ഇടിച്ചു കൊണ്ടിരുന്നു. മാർക്കിന്റെ ഇടി സഹിക്കാനാവാതെ ഒടുവിൽ സ്രാവ് തന്റെ ഇരയെ ഉപേക്ഷിച്ച് പ്രാണനും കൊണ്ട് രക്ഷപ്പെട്ടു. ആ സാഹചര്യത്തിൽ മറ്റാരും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളൂ എന്നാണ് മാർക്ക് പറയുന്നത്. വലതുകാലിന് ഗുരുതര പരിക്കേറ്റ മാർക്കിന്റെ ഭാര്യയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് വ്യോമമാർഗം കൊണ്ടുപോയി.
ലോകത്തിൽ സ്രാവുകളുടെ ആക്രമണം ഏറ്റവുമധികം ഉണ്ടാകുന്ന രാജ്യമാണ് ആസ്‌ട്രേലിയ. ഈ വർഷം ഇതുവരെ അഞ്ച് പേർ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.