ഇന്ന് സംസ്ഥാന കർഷകദിനം
കേരളം പുതുവർഷമായി ആചരിക്കുന്ന ചിങ്ങം ഒന്ന് കേരളത്തിലെ മുഴുവൻ കർഷകരെയും ആദരിക്കുന്ന ദിവസമാണ്. ഈ സർക്കാർ അധികാരമേറ്റ ശേഷം കാർഷികമേഖലയുടെ വളർച്ചയ്ക്ക് നിരവധി പദ്ധതികൾ നടപ്പിലാക്കി. എന്നാൽ, 2016 ലെ അതിരൂക്ഷ വരൾച്ചയും 2017ലെ ഓഖി ചുഴലിക്കാറ്റും 2018ലെ മഹാപ്രളയവും 2019ലെ വെള്ളപ്പൊക്കവും ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാലവർഷക്കെടുതികളും ഗുരുതരമായി ബാധിച്ചത് കാർഷിക മേഖലയെയാണ്.
പ്രളയക്കെടുതിയിൽ കൃഷി നശിച്ചവരെ സഹായിക്കാൻ പുനർജ്ജനി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികൾ നടപ്പാക്കി വരികയാണ്. സംസ്ഥാന കർഷക അവാർഡ് ദാനം ചിങ്ങം ഒന്നിനു നടത്താമെന്നു വിചാരിച്ചെങ്കിലും മറ്റൊരു അവസരത്തിലേക്കു മാറ്റിയിരിക്കുകയാണ്. ഫീൽഡ് വെരിഫിക്കേഷൻ നടത്താൻ കഴിയാത്തതു കൊണ്ടാണിത്. ചിങ്ങം ഒന്ന് മുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീകൃതമാവുകയാണ്. ഇന്ന് കർഷക ദിനത്തിന്റെയും ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുകയാണ്. ഒപ്പം കർഷകർക്കായുള്ള മൊബൈൽ ആപ്പിന്റെയും വെബ് പോർട്ടലിന്റെയും ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിക്കും.
ഇന്ത്യയിൽ ആദ്യമായാണ് കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക്തലത്തിൽ സ്ഥിരം സംവിധാനം ആരംഭിക്കുന്നത്. കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഈ വർഷം മുതൽ പഞ്ചായത്ത് കൃഷിഭവനുകളിൽ കൃഷിപാഠശാലകൾ സ്ഥാപിക്കാൻ കഴിഞ്ഞു. സംസ്ഥാനതലത്തിൽ കൃഷി ഡയറക്ടറേറ്റ്, കേരള കാർഷിക സർവകലാശാല, ജില്ലാതലത്തിൽ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രങ്ങളും കൃഷി വകുപ്പിന്റെ ജില്ലാതലസ്ഥാപനങ്ങളും ബ്ലോക്ക് പഞ്ചായത്തുകളിൽ ബ്ലോക്ക്തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, ഗ്രാമപ്പഞ്ചായത്തുകളിൽ കൃഷിഭവനുകളും കൃഷി പാഠശാലകളും വാർഡ് തലത്തിൽ കർഷകസഭകൾ എന്നിവ വരുന്നതോടുകൂടി ശൃംഖലാബന്ധിതമായ കാർഷിക വിജ്ഞാന വ്യാപനത്തിനുള്ള സ്ഥിരം സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും കേരളം. കാർഷികോത്പാദനത്തിനുള്ള പദ്ധതികൾ/വിളകളുടെ ഉത്പാദനത്തിനുള്ള ശാസ്ത്രീയ മുറകൾ എന്നിവ തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുക, വിത്ത് ഗ്രാമങ്ങളും വിത്ത് ഉത്പാദന ക്ലസ്റ്ററുകളും സ്ഥാപിക്കുന്നതിനു സഹായിക്കുക, ബ്ലോക്ക് തലത്തിൽ കാർഷിക സാങ്കേതിക ഉപദേശങ്ങൾ, കാർഷിക ഉത്പാദനം, വിളവെടുപ്പിനു ശേഷമുള്ള സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം, എന്നിവയിൽ പരിശീലനം നൽകുക, സുഭിക്ഷകേരള പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും നടപ്പാക്കുന്ന വിവിധ സ്കീമുകൾ, പ്രോജക്ടുകൾ എന്നിവയ്ക്ക് സാങ്കേതിക സഹായം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിജ്ഞാനവ്യാപന കേന്ദ്രങ്ങൾക്കുള്ളത്. കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞനായിരിക്കും ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന ഉദാത്തമായ സങ്കൽപ്പത്തിന്റെ സാക്ഷാത്കാരം കൂടിയാണ് സംവിധാനം.
1955ലെ അവശ്യവസ്തു നിയമഭേദഗതി ഉൾപ്പെടെ കാർഷിക മേഖലയിൽ രണ്ട് സുപ്രധാന ഓർഡിനൻസുകൾക്കാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. കാർഷിക ഉത്പന്നങ്ങളുടെ വിപണനം, വാണിജ്യ പ്രോത്സാഹനം സംബന്ധിച്ച ഓർഡിനൻസും കാർഷിക വിലസ്ഥിരത, സേവന ശാക്തീകരണ സംരക്ഷണം സംബന്ധിച്ച മറ്റൊരു ഓർഡിനൻസുമാണ് പുറത്തിറങ്ങിയത്. ആദ്യത്തേത് നിലവിലെ എ.പി.എം.സി ആക്ടിനെ മറികടക്കാനുള്ള ഓർഡിനൻസ് ആണ്. വ്യാപാരവുമായി ബന്ധപ്പെട്ട് ഇത്തരം നിയമങ്ങളൊന്നും കർഷകർക്ക് ഗുണപ്രദമല്ല. ഉത്പന്നങ്ങളുടെ വിലക്കയറ്റം കർഷകർക്ക് ലാഭമായി ലഭിക്കുന്നുമില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പദ്ധതികൾക്കാവണം മുൻതൂക്കം. കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന രണ്ടാമത്തെ ഓർഡിനൻസും കർഷകർക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാകുന്ന കരാർ കൃഷി കേരളത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇറക്കിയിട്ടുള്ള ഓർഡിനൻസുകളെ എങ്ങനെ സമീപിക്കണമെന്ന് കേരളം ചർച്ച ചെയ്തുവരികയാണ്.
കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ് ഊന്നൽ നൽകുക. ഭരണഘടന അനുസരിച്ച് കൃഷി കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ്. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ഓർഡിനൻസുകൾ ഇറക്കി നടപ്പിലാക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. എന്നാൽ, തീരുമാനങ്ങളിലെ നല്ല വശങ്ങൾ സംസ്ഥാനം ഉൾക്കൊള്ളും. സഹകരണാടിസ്ഥാനത്തിലുള്ള കൃഷിയാണ് നമ്മൾ പ്രോത്സാഹിപ്പിക്കുന്നത്. ഭക്ഷ്യക്ഷാമ കാലത്ത് കൂട്ടുകൃഷി സംഘങ്ങൾ രൂപീകരിച്ച് കൃഷിചെയ്ത് ക്ഷാമത്തെ പ്രതിരോധിച്ച അനുഭവം മുന്നിലുണ്ട്. ആ മാതൃകയാണ് കോർപ്പറേറ്റുകൾക്കെതിരെയുള്ള പ്രതിരോധത്തിനും അവലംബിക്കുന്നത്. കൊവിഡാനന്തര ഭക്ഷ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ സുഭിക്ഷകേരളം ജനങ്ങൾ ഏറ്റെടുത്ത മെഗാ കാമ്പയിനായിക്കഴിഞ്ഞു. ഉത്പന്നങ്ങൾ യഥാസമയം വിപണിയിലെത്തിക്കാനും അധികമുള്ളവ സംസ്കരിച്ച് സൂക്ഷിക്കാനും സംവിധാനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. കർഷകനെ, സ്വന്തം ഉത്പന്നങ്ങളുടെ വിപണിയും വിലയും നിശ്ചയിക്കാൻ പ്രാപ്തിയുള്ള സംരംഭകനാക്കുകയാണ് ലക്ഷ്യം.
കർഷകനാണ് യഥാർത്ഥ യജമാനൻ. നമ്മെ അന്നമൂട്ടുന്ന കർഷകസഹോദരങ്ങളുടെ പാദങ്ങളിൽ ആദരവോടെ പ്രണമിക്കുന്നു. നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന എല്ലാ കർഷകരെയും ആദരിക്കുന്നു. കൃഷിയിലൂടെ കൊവിഡാനന്തര കേരളത്തിൽ അതിജീവനത്തിന്റെ പുത്തൻഗാഥകൾ രചിക്കാൻ ഈ കർഷകദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാവർക്കും കർഷകദിന ആശംസകൾ നേരുന്നു.